ഡല്‍ഹി: സാമൂഹിക മാധ്യമമായ വാട്സ് ആപ്പില്‍ പുതിയ പ്രൈവസി സെറ്റിംഗ് അവതരിപ്പിച്ച് മെറ്റ. കീപ് ഇന്‍ ചാറ്റ് എന്നാണ് പുതിയ ഫീച്ചറിന് പേര് നല്‍കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരാള്‍ അയക്കുന്ന സന്ദേശം ലഭിക്കുന്നയാള്‍ക്ക് ചാറ്റില്‍ തന്നെ സൂക്ഷിക്കാന്‍ സാധിക്കും. ഡിസപ്പിയറിംഗ് ഓപ്ഷന് ഓണ്‍ ആക്കിയാലും ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു.
പുതിയ സെറ്റിംഗ്സ് അനുസരിച്ച് ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ നിലനിർത്താൻ ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കും. ഒരു ചാറ്റ് പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത് ചാറ്റില്‍ നിലനിര്‍ത്താന്‍ കീപ് ഇന്‍ ചാറ്റ് വഴി വാട്ട്സ്ആപ്പ് ഉപയോക്താവിന് സാധിക്കും. എന്നാല്‍ നമ്മള് അയക്കുന്ന സന്ദേശം അത് സ്വീകരിക്കുന്നയാള്‍ സൂക്ഷിക്കണമോ ഇല്ലോയോ എന്ന തീരുമാനം അയച്ചയാളുടേതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
കീപ് ഇന്‍ ചാറ്റ് ഓപ്ഷന് വഴി വിവരം സേവ് ചെയ്യുമ്പോള്‍ തന്നെ സന്ദേശം അയച്ചയാള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. അയച്ചയാൾ അവരുടെ സന്ദേശം മറ്റുള്ളവർ സൂക്ഷിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ ഈ ഓപ്ഷന് ഉപയോഗിക്കാന്‍ സാധിക്കില്ല. കീപ് ഇൻ ചാറ്റ് ഫീച്ചർ ഓൺ ചെയ്ത സന്ദേശങ്ങൾക്കൊപ്പം ചെറിയൊരു ബുക്മാർക് ഐക്കണുണ്ടാകും. ഉപയോക്താക്കൾക്ക് ചാറ്റ് വഴി ഓർഗനൈസുചെയ്ത ഈ സന്ദേശങ്ങൾ Kept Messages ഫോള്‍ഡറില്‍ കാണാനും സാധിക്കും.