ബംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് ഭരിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. 122 മുതല്‍ 140 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. സംസ്ഥാനത്ത് നിലവില്‍ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് 62 മുതല്‍ 80 സീറ്റുകള്ക്കുളളില് ഒതുങ്ങേണ്ടിവരുമെന്നും ജനതാദള്‍ എസ് 20-25 സീറ്റുകളില്‍ വിജയിക്കുമെന്നും ഇന്ത്യാടുഡെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ 113 സീറ്റുകളാണ് വേണ്ടത്. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോള്‍ പ്രകാരം 94 മുതല്‍ 108 വരെ സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് 85 മുതല്‍ 100 സീറ്റുകള്‍ വരെയും ജെഡിഎസിന് 24 മുതല്‍ 32 വരെയും സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം.
അതേസമയം, എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. തൂക്കുമന്ത്രിസഭയാണ് ചില എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നതെന്നും കോണ്‍ഗ്രസിന് 146 സീറ്റുകള്‍ ലഭിക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷമുളള സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ കര്‍ണാടകയില്‍ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രഖ്യാപിക്കുന്നതെങ്കിലും കര്‍ണാടകയില്‍ ബിജെപി കേവലഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 80 സീറ്റുകളും കോണ്‍ഗ്രസിന് 107 സീറ്റുകളുമാണ് പ്രവചിച്ചതെന്നും ഫലം വിപരീതമായിരുന്നെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.