മുംബൈ: നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ സിനിമയില്‍ രാവണനായി അഭിനയിക്കാന്‍ തയ്യാറല്ലെന്ന് കന്നഡ താരം യാഷ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ യാഷുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രാവണന് വളരെ ചലഞ്ചിങ്ങായ കഥാപാത്രമാണ്. എന്നാല്‍ ഈ വേഷം ചെയ്യാന്‍ യാഷ് തയ്യാറല്ല. താരം നെഗറ്റീവ് റോളില്‍ എത്തുന്നത് കാണാന്‍ ആരാധകര്‍ താത്പര്യപ്പെടുന്നില്ല. ഈ കഥാപാത്രത്തില്‍ യാഷ് എത്തിയാല്‍ ആരാധകര്‍ സന്തോഷിക്കില്ല - ടീം അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ആരാധകരുടെ താത്പര്യങ്ങളെയും വികാരങ്ങളെയും താന്‍ മാനിക്കാറുണ്ട്. അവരുടെ ഇഷ്ടത്തിനെതിരെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കില്ലെന്നും യാഷ് നേരത്തെ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രാവണന്റെ വേഷം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ഹൃത്വിക് റോഷനെ സമീപിച്ചു എന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
രാമായണം സിനിമയില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി ആലിയ ഭട്ടുമാണ് വേഷമിടുക. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. സീതയുടെ വേഷം ചെയ്യാന്‍ ദീപിക പദുക്കോണിനെയും സായ് പല്ലവിയേയും സമീപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ആലിയ ഭട്ടിലേക്ക് എത്തുകയായിരുന്നു.