മുംബൈ: പ്രഭാസ് നായകനായി എത്തുന്ന ആദി പുരുഷ് സിനിമ നാളെ തിയേറ്ററിലെത്തും. സിനിമയുടെ നാല് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം സൃഷ്ടിച്ചിരിക്കുന്ന പ്രീ റിലീസ് ഹൈപ്പ് ഇനിഷ്യല്‍ കളക്ഷനെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലോക്മാന്യ, തന്‍ഹാജി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഓം റാവത്ത് ആണ്.
തിന്മക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ടി സീരിസാണ് ചിത്രത്തിന്റെ നിർമാണം. നേരത്തെ റിലീസ് ചെയ്ത ടീസര്‍ വൻ വിമർശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതിന് മറുപടിയെന്നോണം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്.
രാമനായി പ്രഭാസും ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാനായി ദേവദത്ത നാഗേയും രാവണനായി സെയ്ഫ് അലി ഖാനുമാണ് വേഷമിടുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്പിലെത്തുക. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം നേടിയത്.