കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. മലയാളം ഫിലിം ഇന്‍ഡസ്ട്രി ട്രാക്കറായ എ ബി ജോര്‍ജാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുടി നെറുകയില്‍ കെട്ടി ഗുസ്തിക്കാരന്റെ ലുക്കില്‍ ഇരിക്കുന്ന മോഹന്‍ ലാലിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
രാജസ്ഥാന്,ചെന്നൈ,പോണ്ടിച്ചേരി എന്നിവിടങ്ങളായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. രാജസ്ഥാനിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. 77 ദിവസമായിരുന്നു ഇവിടെ ഷൂട്ടിംഗ്. രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു. ചിത്രത്തിന്റെ ബാഡ്ജറ്റ് 100 കോടി രൂപയാണ്. സിനിമയുടെ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകളെല്ലാം യു കെയില്‍ വെച്ചാകും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലും ഹരീഷ് പേരടിയും മണികണ്ഠൻ ആചാരിയും താരങ്ങളാകുന്ന ചിത്രത്തിലെ മറ്റ് ആഭിനേതാക്കളെല്ലാം ഉത്തരേന്ത്യൻ താരങ്ങളാണ്.
മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് സിനിമയിലെത്തുന്നത്. ബോളിവുഡ് താരം വിദ്യുത് ജാംവാലാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയാണ് നായികയായി എത്തുന്നത്.