പാരിസ്: പി.എസ്.ജി വിട്ട് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ തള്ളി കിലിയന്‍ എംബാപ്പെ. അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കുമെന്ന് താരം അറിയിച്ചു. റയല്‍ മാഡ്രിഡുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പി എസ് ജിയില്‍ സന്തോഷവാനാണെന്നും എംബാപ്പെ ട്വീറ്റ് ചെയ്തു.
കരാര്‍ പുതുക്കില്ലെന്ന് എംബാപ്പെ പി എസ് ജിയെ അറിയിച്ചുവെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2024ൽ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെ കത്തുമുഖേന എംബാപ്പെ മാനേജ്മെന്‍റിനെ ഇക്കാര്യം അറിയിച്ചുവെന്നും താരത്തിനായി ദീര്‍ഘനാളായി രംഗത്തുള്ള റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പെ പോകുകയെന്നുമാണ് 'ലെ ക്വിപ്പ്' വാര്‍ത്ത നല്‍കിയത്. ഇതിനുപിന്നാലെയാണ് താരം രംഗത്തെത്തിയത്.
അതേസമയം പിഎസ്ജി വിട്ട ലയണല്‍ മെസ്സി അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥാവകാശമുള്ള ഇന്റര്‍ മിയാമിയിലാണ് ചേർന്നത്. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തെ കരാര്‍ ആണ് ഒപ്പുവെച്ചത്. യൂറോപ്പിനു പുറത്തുള്ള ക്ലബുമായി മെസ്സി കരാറിലെത്തുന്നത് ഇതാദ്യമാണ്. സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മയാമി.