തിരുവനന്തപുരം: വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. അമേരിക്ക, ക്യൂബ, യുഎഇ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎഇയില്‍ നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. അമേരിക്കയില്‍ നടന്ന ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ക്യൂബയിലെത്തി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്റര്‍ യുഎഇയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംരംഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, കേരളത്തിലേക്കു കൂടുതൽ സംരംഭകരെ ആകർഷിക്കുക, ഐടി പദ്ധതികളിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇന്‍ഫിനിറ്റി സെന്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വി പി ജോയ്, മന്ത്രി വീണ ജോര്‍ജ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.