ലൂയി ബുന്യുവല്‍; മനുഷ്യാവസ്ഥയുടെ അറ്റംതേടിയ ചലച്ചിത്രകാരന്‍

സിനിമയുടെ ചരിത്രത്തിലെ അപൂര്‍വ്വമായ അതിശങ്ങളിലൊന്നാണ് ലൂയി ബന്യുവല്‍. 1900 ഫെബ്രുവരി 22-ന് സ്പെയ്നിലെ കാലന്ദായില്‍ ജനിച്ചു. സറഗോസയിലെ ജസ്യൂട്ട് സ്കൂളില്‍ പ്രാഥമികവിദ്യാഭ്യാസം. ഉപരിപഠനം മാട്രിഡിലെ റെസിഡെന്‍ഷ്യ കലാശാലയില്‍. സഹപാഠികളായിരുന്ന ഗാര്‍ഷ്യലോര്‍ക്കയുമായും, സാല്‍വദോര്‍ ദാലിയുമായും ബുന്യുവല്‍ ഉറ്റ സൗഹൃദത്തിലായി.  കൂട്ടുകാരി ‘ഴാനി’യെ 1934-ല്‍ വിവാഹംചെയ്തു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് 1946-ല്‍ മെക്സിക്കോയിലേക്ക് കുടിയേറി. 1928 മുതല്‍ 1977 വരെയുള്ള വര്‍ഷങ്ങളിലായി 32 ചിത്രങ്ങള്‍ ബുന്യുവലിന്‍റേതായി നമുക്ക് ലഭിച്ചു. 1982-ല്‍ ആത്മകഥ (മൈ ലാസ്റ്റ് ബ്രെത്ത്) പാരീസില്‍ പ്രസിദ്ധീകരിച്ചു. 1983 ല്‍ ലൂയി ബുന്യുവല്‍ അന്തരിച്ചു.

1928-നും 1936-നും ഇടയിലായി മൂന്ന് ചിത്രങ്ങള്‍ മാത്രമേ അദ്ധേഹത്തിന്‍റെതായി നമുക്ക് ലഭിച്ചിട്ടുള്ളൂ. അതില്‍ത്തന്നെ ഒന്ന് മാത്രമാണ് മുഴുനീളചിത്രം . മറ്റുരണ്ടെണ്ണം മുപ്പതുമിനുട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഒരു ലഘുചിത്രവും (അണ്‍ഷീന്‍ അന്തലൌ) അത്രതന്നെ ദൈര്‍ഘ്യം വരുന്ന ഒരു ഡോക്യുമെന്‍ററിയുമാണ്‌ (ലെസ്സ് ഹുര്‍ദോസ്). മൊത്തം മൂവായിരം മീറ്ററിലൊതുങ്ങുന്ന ഈ മൂന്ന് ചിത്രങ്ങളും പക്ഷെ, സര്‍റിയലിസ്റ്റു ചിത്രങ്ങളുടെ ഉത്തമമാതൃകകളായി, ആര്‍ക്കൈവ് ക്ലാസ്സിക്കുകളായി. ഇങ്ങിനെ എണ്ണത്തില്‍ തീര്‍ത്തും ശുഷ്കമായ സംഭാവനയേ അദ്ധേഹത്തിന്‍റേതായി ഉള്ളുവെങ്കിലും നിശ്ശബ്ദചിത്രങ്ങളുടെ ഒടുക്കവും ശബ്ദചിത്രങ്ങളുടെ തുടക്കവും ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണമായ കാലഘട്ടത്തിലെ ഏറ്റവും വിഖ്യാതമായ ഒരു നാമമായിരുന്നു ബുന്യുവല്‍.

ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സ്പെയ്നിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ബുന്യുവല്‍, ലീഗ് ഓഫ് നേഷന്‍സിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ബൌദ്ധിക സംഘടനയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍. തന്‍റെ ഇരുപതുകളുടെ മദ്ധ്യത്തിലാണ് പാരീസിലെത്തുന്നത് . യുദ്ധാനന്തര യൂറോപ്പില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റ് ആഞ്ഞ് വീശുകയായിരുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന ചിന്താരീതികളും വിശ്വാസങ്ങളും ഈ കൊടുങ്കാറ്റില്‍ കടപുഴകി വീണു. കലയും സാഹിത്യവും സിനിമയുമെല്ലാം സാമ്പ്രദായിക രീതികള്‍ കൈവെടിഞ്ഞ് നൂതന സരണികള്‍ തേടി. ഈ പ്രവണതകളുടെ പ്രഭവസ്ഥാനം പാരീസ് ആയിരുന്നു.

അമേരിക്കയിലേയും യൂറോപ്പിലേയും സ്റ്റുഡിയോകള്‍ പടച്ചുവിടുന്ന ഫോര്‍മുലചിത്രങ്ങളോട് കലാപം പ്രഖ്യാപിച്ചുകൊണ്ട് ഒരുപറ്റം കലാകാരന്മാര്‍ ഇതിവൃത്തത്തിലും ആവിഷ്കാരത്തിലും ഞെട്ടിക്കുന്ന പുതുമകളുമായി പരീക്ഷണ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. സര്‍റിയലിസ് ചിത്രകാരന്മാര്‍ വളരെ ഗൌരവപൂര്‍വ്വം സമീപിച്ചിരുന്ന ഇത്തരം ചിത്രങ്ങളുടെ അസംബന്ധതലങ്ങള്‍ അനാവരണം ചെയ്യാനും അവയെ പരിഹസിക്കാനുമാണ് ബുന്യുവല്‍ സുഹൃത്തും സര്‍റിയലിസ് ചിത്രകാരനുമായ സാല്‍വദോര്‍ ഡാലിയുമായി ചേര്‍ന്ന് ‘ഒരു അന്തലൂഷ്യന്‍ നായ’ എന്ന ചിത്രം നിര്‍മ്മിച്ചത്. ഇരുപത്തഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ആ ചിത്രം പക്ഷെ, അവാങ്ങ് ഗാര്‍ദ് ചിത്രങ്ങളുടെ ഉത്തമ മാതൃകയായി.

അന്തലൂഷ്യന്‍ നായ പുറത്ത് വന്ന 1928-നും, സ്പെയ്നിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് മെക്സിക്കോയിലേക്ക് കുടിയേറിപ്പാര്‍ത്ത 1936-നും ഇടക്കുള്ള എട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ ബുന്യുവല്‍ രണ്ടുചിത്രങ്ങള്‍ കൂടി നമുക്ക് നല്‍കി. രണ്ടും ആദ്യത്തെ സിനിമയെപോലെ ക്ലാസ്സിക്കുകളാണെന്ന് ആന്ദ്രേ ബസീന്‍ വിലയിരുത്തുന്നു.

"ലോകത്തിന്‍റെ ഏത് ഭാഗത്തും ജീവിക്കാം പക്ഷെ ലാറ്റിനമേരിക്കയില്‍ മാത്രം വയ്യ" എന്ന് കൂട്ടുകാരോട് പറഞ്ഞിരുന്ന ബുന്യുവല്‍ മുപ്പത്താറുവര്‍ഷം മെക്സിക്കോയില്‍ ജീവിച്ചു. സാമൂഹ്യപരമായും സാമ്പത്തീകമായും പാരീസില്‍ നിന്ന് വളരെ ഭിന്നമായ ഒരു സാഹചര്യമായിരുന്നു മെക്സിക്കോയില്‍ നിലനിന്നിരുന്നത്. അതുകൊണ്ട് പ്രാരംഭ ദശയില്‍ ബുന്യുവല്‍ വാണിജ്യപ്രധാനമായ ചിത്രങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതനായി. എങ്കിലും ലഭിച്ച ആദ്യത്തെ അവസരത്തില്‍ത്തന്നെ അദ്ധേഹം മൌലിക സൃഷ്ടിയിലേക്ക് മടങ്ങുകയും ‘വിസ്മരിക്കപ്പെട്ടവര്‍’ നമുക്ക് നല്‍കുകയും ചെയ്തു.

ചിത്രം മെക്സിക്കന്‍ സാമൂഹത്തില്‍ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടത്. നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ പല കലാകാരന്മാരും സാങ്കേതിക വിദഗ്ദരും പ്രൊജക്റ്റ്‌ ഉപേക്ഷിച്ചുപോയി. മെക്സിക്കന്‍ ജനതയെ അവഹേളിക്കുന്നു എന്നായിരുന്നു അവരുടെ ആക്ഷേപം. ചിത്രത്തിന്‍റെ തിരക്കഥയുമായി സഹകരിച്ച പ്രമുഖനായ ഒരു സാഹിത്യകാരന്‍ തന്‍റെ പേര് ചിത്രവുമായി ബന്ധപ്പെടുത്തുന്നതിന് വിലക്ക് കല്പിച്ചു. പത്രലോകം ഒന്നടങ്കം ബുന്യുവലിനെതിരെ യുദ്ദം പ്രഖ്യാപിച്ചു. പല സാംസ്കാരിക സംഘടനകളും വിവിധ തൊഴിലാളിയൂണിയനുകളും ബുന്യുവലിനെ മെക്സിക്കോയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മെക്സിക്കന്‍ സുഹൃത്തുക്കള്‍ പലരും അദ്ധേഹത്തോട് സംസാരിക്കാന്‍ ഇഷ്ട്ടപ്പെട്ടില്ല.

1950-ല്‍ ചിത്രം ബുന്യുവലിന്‍റെ പഴയ കളരിയായ പാരീസില്‍ പ്രദര്‍ശനത്തിനെത്തി. സാംസ്കാരിക തലസ്ഥാനത്തും വിവാദങ്ങള്‍ ചിത്രത്തെ തേടിയെത്താതിരുന്നില്ല. ഫ്രഞ്ച് കമ്മ്യുണിസ്റ്റ് പാര്‍ടി ചിത്രം ബൂര്‍ഷ്വാ സംസ്കാരത്തെ മഹത്വവല്‍ക്കരിക്കുന്നതായി വിലയിരുത്തി. ചിത്രത്തെക്കുറിച്ച് എഴുതുന്നതില്‍നിന്നും ചര്‍ച്ചചെയ്യുന്നതില്‍നിന്നും പാര്‍ട്ടി സഖാക്കളെ വിലക്കി. സര്‍റിയലിസ്റ്റ് കാലത്തെ അടുത്ത സുഹൃത്തും പാര്‍ട്ടി അംഗവുമായ സാദൌള്‍ വിവരം ബുന്യുവലിനോട് തുറന്നു പറഞ്ഞു. "ചിത്രത്തില്‍ ഒരിടത്ത് ഒരു സ്വവര്‍ഗരതിക്കാരന്‍ കുട്ടികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതും പോലീസുകാരന്‍ അയാളെ വിരട്ടിയോടിക്കുന്നതും കാണിച്ചിട്ടുണ്ട്. നിങ്ങളുടെ പോലീസുകാരന്‍ ചെയ്യുന്നത് നല്ലകാര്യംതന്നെ. പക്ഷെ പോലീസുകാരോട് നാം ആ നിലപാടല്ല സ്വീകരിക്കേണ്ടത്. മറ്റൊരിടത്ത് ദുര്‍ഗുണ പാഠശാലയിലെ വാര്‍ഡനെ ദയാലുവും മനുഷ്യത്വമുള്ളവനൂമായിട്ടാണ് നിങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്."

ഇത്തരം വിമര്‍ശനങ്ങള്‍ വളരെ ബാലിശമാണെന്ന് ബുന്യുവല്‍ സുഹൃത്തിനോട് പറഞ്ഞു. വിശദീകരണങ്ങളും ന്യായവാദങ്ങളും സുഹൃത്തോ പാര്‍ട്ടിയോ സ്വീകരിച്ചില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുശേഷം റഷ്യന്‍ ചലച്ചിത്രകാരന്‍ പുഡോവ്കിന്‍ ചിത്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ‘പ്രാവ്ദ’യില്‍ എഴുതിയപ്പോള്‍ ഫ്രഞ്ച് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചുവട് മാറ്റിച്ചവിട്ടാന്‍ മടിച്ചില്ല.

എഴുതിയത്: ആന്ദ്രേ ബസീന്‍ (സ്വതന്ത്രാഖ്യാനം)

പരിഭാഷ: കെ.പി.എ. സമദ്

Contact the author

KPA Samad

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More