ഡല്‍ഹി: കൊവിഡ് -19 വ്യാപനം ഇന്ത്യയില്‍ ശക്തമായതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 10-ാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 7000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് -19 സ്ഥിരീകരിച്ചത്. ഇതോടെ 1,35,000 രോഗികളുളള ഇറാനെ മറികടന്ന് 1,39,000 രോഗികളുമായി ഇന്ത്യ പട്ടികയില്‍ 10-ാം സ്ഥാനത്തെത്തി.
രോഗീ സംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 17 ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. തൊട്ടുപിറകിലുള്ള ബ്രസീല്‍, റഷ്യ, എന്നീ രാജ്യങ്ങളില്‍ 3.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് രോഗീ സംഖ്യ. 4,5,6 സ്ഥാനങ്ങളിലുള്ള സ്പെയിന്, യു.കെ, ഇറ്റലി എന്നിവിടങ്ങളില്‍ യഥാക്രമം 3 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിലാണ് രോഗീ സംഖ്യ. തൊട്ടു താഴെ 7, 8, 9,10 സ്ഥാനങ്ങളിലുള്ള ഫ്രാന്‍സ്, ജര്‍മനി,തുര്‍ക്കി, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഒരുലക്ഷത്തി എണ്‍പതിനായിരത്തിനും ഒരു ലക്ഷത്തി മുപ്പത്തിഎണ്ണായിരത്തിനും ഇടയിലാണ് രോഗികളുടെ എണ്ണം.
എന്നാല്‍ മരണനിരക്കിന്റെ കാര്യത്തില്‍ ഈ പട്ടികയില്‍ മുന്നിലുള്ള പല രാജ്യങ്ങളും പിന്നിലേക്കും പിന്നിലുള്ള രാജ്യങ്ങള്‍ മുന്നിലേക്കും വരും.രോഗീപട്ടികയില് രണ്ടും മൂന്നും സ്ഥാനത്തുള്ള ബ്രസീല്‍, റഷ്യ, എന്നീ രാജ്യങ്ങള്‍ മരണനിരക്കിന്റെ പട്ടികയില്‍ വളരെ പിറകോട്ടു പോകും. കാരണം രോഗീ സംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ മരണ സംഖ്യ കൂടുതല്‍ ഉണ്ടായിക്കൊള്ളണമെന്നില്ല എന്നാണു കണക്കുകള്‍ നല്കുന്ന സൂചന. അതുകൊണ്ടു തന്നെ രോഗീ സംഖ്യയില്‍ ഇന്ത്യക്ക് പുറകിലുള്ള ഇറാന്, ചൈന, കാനഡ എന്നീ രാജ്യങ്ങളിലെല്ലാം മരണ നിരക്ക് ഇന്ത്യയേക്കാള്‍ കൂടുതലാണ്.