സുനിൽ ദത്തിന്റെ വ്യക്തിത്വം: സൗമ്യം, സുന്ദരം, ദീപ്തം - എം. പി. അബ്ദു സമദ് സമദാനി

ഇന്നലെയായിരുന്നു സുനിൽ ദത്തിന്റെ ജന്മദിനം. രാജ്യമാകെ അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത പരസഹസ്രം പേർ  ഈ സന്ദർഭത്തിൽ അദ്ദേഹത്തെ ആദരപൂർവ്വം അനുസ്മരിക്കുകയുണ്ടായി. കൂട്ടത്തിൽ ഈ അനുസ്മരണങ്ങൾ എന്റെ മനസ്സിലും സുനിൽജിയുടെ ദീപ്തസ്‌മൃതികൾ ഉണർത്തി.

ഇന്ത്യൻ ചലച്ചിത്ര കലാധാരയിലെ ഹിന്ദുസ്താനീ പാരമ്പര്യത്തിന്റെ ശക്തവും സുന്ദരവുമായ പ്രതിനിധികളിൽ അദ്വിതീയനായിരുന്നു സുനിൽ ദത്ത്. കലയുടെയും ജീവിതത്തിന്റെയും മാനവികതയുടെ ശക്തമായ ആവിഷ്കാരമായിരുന്നു ആപാദചൂഡം ആ അതികായൻ. സംഭവബഹുലമായ എന്റെ പാർലമെന്റംഗ കാലത്താണ് അദ്ദേഹത്തെ അടുത്ത് പരിചയപ്പെടുന്നത്. കോൺഗ്രസ്സിൽ നിന്നുള്ള എം പിയും കേന്ദ്ര മന്ത്രിയുമായിരുന്നു സുനിൽജി. എന്നാൽ അതിനുമുമ്പ് തന്നെ ബോളിവുഡിനെ അടക്കിവാണ താരചക്രവർത്തിമാരിൽ അദ്ദേഹം ഇടം നേടിയിരുന്നു. കേവലം താരമായിരുന്നില്ല, പ്രതിഭാധനനായ അഭിനേതാവായിരുന്നു സുനിൽ ദത്ത്.

എന്നാൽ, അതൊന്നുമായിരുന്നില്ല ഞാനടുത്തു ബന്ധപ്പെട്ട, എന്റെ മനസ്സിൽ ഇപ്പോഴും അവശേഷിക്കുന്ന സുനിൽജി. സിനിമയുടെയോ രാഷ്ട്രീയാധികാരത്തിന്റെയോ കനം ലവലേശം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ഏറെ സൗമ്യനും വിനയാന്വിതനുമായിരുന്നു അദ്ദേഹം. വ്യക്തിത്വത്തിലും വ്യവഹാരങ്ങളിലും മനുഷ്യത്വം സ്പന്ദിച്ചു നിന്നു. ഒരു വലിയ മനുഷ്യന്റെ ഔന്നത്യവും തലയെടുപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. 

വളരെയേറെ മാന്യനായിരുന്നു അദ്ദേഹം. കാണുന്ന മാത്രയിൽ തന്നെ ആരും ആദരിച്ചു പോകുന്നതായിരുന്നു ആ വ്യക്തിപ്രഭാവം. കുലീനമായ പെരുമാറ്റം. പ്രസന്നവും പ്രസാദാത്മകവുമായ ഭാവം. മന്ദസ്മിതം പൊഴിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ കണ്ടതോർമ്മയില്ല.

ലോക് ‌സഭാംഗമായിരുന്ന അദ്ദേഹം പലപ്പോഴും രാജ്യസഭാലോബിയിൽ വരുമായിരുന്നു. അവിടെ ചുവന്ന പരവതാനി വിരിച്ച വഴിത്താരയിലെ വലിയ കുഷ്യൻ കസേരകളിൽ പരസ്പരം അഭിമുഖമായിരുന്നു ഞങ്ങൾ പല വിഷയങ്ങളെപ്പറ്റി സംവദിച്ചു. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങളും ആ സംസാരങ്ങളിൽ കടന്നു വന്നു. സഹധർമ്മിണിയും പ്രശസ്ത നടിയുമായ നർഗീസ് ദത്തും അവരുടെ രോഗവും മകൻ സഞ്ജയും... സുനിൽജിയുടെ വാക്കുകളിൽ നല്ലൊരു ഭർത്താവും ഒരുത്തമ പിതാവും നിറഞ്ഞു നിന്നു. ഒരിക്കലും ഒരു സിനിമാതാരത്തെ കണ്ടതുമില്ല.

അഭിനേതാക്കളായ കലാകാരന്മാരുമായി എനിക്കുണ്ടായ അപൂർവ്വ സൗഹൃദങ്ങളിൽ സുനിൽ ദത്തിന്റെ വ്യക്തിത്വം നിറപ്പകിട്ടാർന്നു നിൽക്കുന്നു, അദ്ദേഹത്തിന്റെ മാനുഷികഭാവത്താൽ. സ്വഭാവത്തിലും പെരുമാറ്റത്തിലും ഉന്നതമായ വ്യക്തിത്വം പുലർത്തിയവരായി എനിക്കനുഭവപ്പെട്ട ആ പ്രതിഭാശാലികളുടെ ശ്രേണിയിൽ ഒട്ടേറെ സമാനതയുള്ള രണ്ടുപേരിൽ ഒരാളാണ് സുനിൽ ദത്ത്. മറ്റൊരാൾ മലയാളികൾക്ക് പ്രിയങ്കരനായ പ്രേം നസീറും.

(ലേഖകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്)

Contact the author

M.P Abdussamad Samadani

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More