ലക്ഷദ്വീപിലെ ചൂരക്കഥകള്‍ - അജിത് രാജ്

Image Courtesy: Swetha Nair

അറബിക്കടലിലെ ഓളപ്പരപ്പിലൂടെ അല്പം മുറുമുറുത്തുകൊണ്ടോടുന്ന ബോട്ടിന്‍റെ ഒരറ്റത്ത് സ്റ്റിയറിങ് വീലിൽ കൈകളമർത്തി പിന്നിലേക്ക് നോക്കി നാസ്സർ അലറി വിളിക്കുകയാണ്- " ചൂരക്കൂട്ടം കണ്ടേ, എല്ലാരും തയ്യാറെടുത്തോ. അബ്ദൂ നീ ചാളയെ പെട്ടീന്ന് എടുക്ക്..." ലക്ഷദ്വീപിലെ ഒരു പ്രധാന ചൂരപിടിത്തക്കാരനാണ് നാസ്സർ. ബോട്ടിന്റെ പിന്നിലേക്ക് നീട്ടിപരത്തി നിർമ്മിച്ച പ്ലാറ്റഫോമുണ്ട്, കൈകളിൽ നീളമുള്ള മുളയും അതിന്റെ അറ്റത്തു കോർത്ത ചൂണ്ടയുമായി ഏകദേശം എട്ടു മീൻപിടിത്തക്കാർ ഈ പ്ലാറ്റ്ഫോമിൽ നിലയുറപ്പിച്ചിട്ടുണ്ട്. ബോട്ടിന്റെ എൻജിൻ പുറപ്പെടുവിക്കുന്ന ശബ്ദത്തിനിടയിലും നാസറിന്റെ വിളി അവർക്കു വ്യക്തമായി കേൾക്കാം. 

ബോട്ടിന്റെ നടുവിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ നിന്ന് നേരത്തെ  ഇരയിടാനായി ശേഖരിച്ച ചെറു ചാള മൽസ്യങ്ങളെ അബ്ദു വായ് വിസ്താരമുള്ള വലിയ ഒരരിപ്പ ഉപയോഗിച്ച് കോരി. അയാൾ അത് ചൂരക്കൂട്ടത്തെ കണ്ട ദിശയിലേക്ക് വാരിയെറിയുന്നുണ്ട്. അതിനൊപ്പം, ബോട്ടിൽ സ്ഥാപിച്ചിട്ടുള്ള ചെറിയ വാട്ടർ സ്പ്രേ ഉപയോഗിച്ച് ശക്തമായ് വെള്ളം ചീറ്റിച്ച്  കടൽ വെള്ളത്തെ പതപ്പിക്കുന്നുമുണ്ട്. ഇപ്പോൾ കടൽ ജലം കണ്ടാൽ അവിടെ ധാരാളം മീൻകൂട്ടം ഉണ്ടെന്ന് തോന്നിപ്പോകും. പതഞ്ഞ കടൽവെള്ളത്തിൽ തങ്ങളെ തിന്നാൻ വരുന്ന ചൂരക്കൂട്ടത്തിൽ നിന്നും രക്ഷനേടാൻ ഇരമൽസ്യങ്ങൾ ബോട്ടിനടുത്തേക്ക്  കൂടുതൽ അടുക്കാൻ ശ്രമിക്കുകയാണ്. ഇരമൽസ്യത്തെ തിന്നാനുള്ള ആവേശത്തിൽ ചൂരക്കൂട്ടവും ബോട്ടിന്റെ പിന്നാലെ കൂടി. ഇതാണ് അവസരം, ചൂരക്കൂട്ടത്തെ കണ്ടു നാസ്സർ അലറിവിളിച്ചു- “കോലെടുത്തോ”.

ഇര മത്സ്യങ്ങളെ ആവേശത്തോടെ തിന്നു പോകുന്ന സമയം നൂറുകണക്കിന് ചൂരകളുള്ള ഈ കൂട്ടം ലക്ഷദ്വീപുകാരുടെ ചൂണ്ടകളിലും കടിക്കും. നിമിഷാർദ്ധം കൊണ്ട് ചൂരകളെ ഓരോന്നായി പിടിച്ചു അവർ ബോട്ടുകളിലേക്കിടും.

നായാട്ടു കഥകളോ ലോകപ്രശസ്ത ക്ലാസ്സിക്കായ 'കടലും കിഴവനും' പോലെയുള്ള നോവലുകളിലോ കാണുന്ന പോലെയുള്ള സാങ്കൽപ്പിക കഥയല്ലിത്. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നും,  അധികം അറിയപ്പെടാത്തതുമായ ലക്ഷദ്വീപ് ദ്വീപ സമൂഹത്തിലെ ചൂരപിടുത്തക്കാർ സ്ഥിരമായി  അവലംബിച്ചു പോരുന്ന മൽസ്യബന്ധന രീതിയാണിത്.

ലക്ഷദ്വീപിലെ ഭൂപ്രകൃതി ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും നിലവിലില്ലായെന്നു തന്നെ പറയണം. അറബിക്കടലിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറായി ഏകദേശം 300 നോട്ടിക്കൽ മൈൽ ദൂരത്താണ്, 36 ഓളം ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്. നല്ല നീലനിറമുള്ള കടൽ ജലത്തിനും, കണ്ണുകൾക്ക് ഇമ്പമേകുന്ന പഞ്ചാര മണലിനും പവിഴപുറ്റുകൾക്കുമൊപ്പം ഈ ചൂരപിടുത്ത രീതിയും ലക്ഷദ്വീപുകാരുടെ മാത്രം പ്രത്യേകതയാണ്. വളരെ വേഗത്തിൽ വെള്ളത്തിലൂടെ ഊളിയിടുന്ന ചൂര മൽസ്യത്തെ അതിന്റെ വേഗത്തെ തോൽപ്പിച്ചു ഒരു വലിയ മുളങ്കമ്പിന്റെ അറ്റത്തു കോർത്ത ചൂണ്ട ഉപയോഗിച്ച്  ഒരു വേട്ടക്കാരന്റെ കൗശലത്തോടെ പിടിച്ചെടുക്കുന്ന 'പോൾ ആൻഡ് ലൈൻ' എന്ന ഈ വിശേഷ മൽസ്യബന്ധന രീതി ഇന്ത്യയിൽ ലക്ഷദ്വീപിൽ മാത്രമേ പ്രചാരത്തിലുള്ളു. 

എല്ലാ ദ്വീപുകളുടേയും പടിഞ്ഞാറൻ തീരം മനോഹരവും, ആഴം കുറഞ്ഞതും, പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ടുകിടക്കുന്നവയുമാണ്. ഇവ ലഗൂണുകൾ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ കിഴക്കൻ തീരങ്ങള്‍ ആഴമേറിയതും വലിയ തിരമാലകൾ വീശിയടിക്കുന്നവയുമാണ്. മനോഹരമായ വർണ്ണ മൽസ്യങ്ങളും, പവിഴ പുറ്റുകളാലും, കടൽ വെള്ളരി പോലെയുള്ള വിവിധങ്ങളായ മറ്റു കടൽ ജീവികളാലും  മ്പന്നമായ ലഗൂണുകൾ  ജൈവവൈവിധ്യങ്ങളുടെ ഒരു കലവറയാണ്. അതോടൊപ്പം ചൂരപിടുത്തത്തിനേറ്റവും  ആവശ്യമായ ചാളയെന്നറിയപ്പെടുന്ന ചെറിയ ഇരമത്സ്യത്തിന്റെ വിളനിലവുമാണ്. 

വലിയ സാങ്കേതികവിദ്യകളുടെയോ, ഭീമാകാരമായ ബോട്ടുകളുടേയോ സഹായമില്ലാതെ, പരമ്പരാഗതമായി ഉപയോഗിച്ച് പോരുന്ന ചൂണ്ട ആയുധമാക്കിയാണ് ലക്ഷദ്വീപ് മൽസ്യതൊഴിലാളികൾ ചൂര പിടിക്കുന്നത്. പരമ്പരാഗത മൽസ്യബന്ധന രീതിയാണെങ്കിലും, ഏകദേശം രണ്ടായിരത്തോളം ദ്വീപു നിവാസികളാണ് പോൾ ആൻഡ് ലൈൻ ചൂരപിടുത്തതിലൂടെ ജീവനോപാധി കണ്ടെത്തുന്നത്. കൂടാതെ, കമ്പോളത്തിൽ വളരെ വില ലഭിച്ചു പോരുന്ന ചൂരമത്സ്യത്തിന്റെ  രാജ്യത്തെ മൊത്തമുദ്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ലക്ഷദ്വീപിൽ  നിന്നുമാണ്. 

സുസ്ഥിരമായ മൽസ്യബന്ധനവും “മാസ്സ്” രുചിയും 

വ്യവസായികാടിസ്ഥാനത്തിലുള്ള മൽസ്യബന്ധന രീതികളും, അശാത്രീയമായതും ഉയർന്നതോതിലുമുള്ള മൽസ്യവിഭവങ്ങളുടെ ഉപയോഗവും ആഗോളമായി മൽസ്യവിഭവ ശോഷണത്തിനു കരണമായിത്തീർന്നിട്ടുണ്ട്. ഇതിലേക്ക് വിരൽ ചൂണ്ടുന്ന പല കണക്കുകളും പഠനങ്ങളും പുറത്തുവന്നെങ്കിൽ കൂടിയും, ലോകമെമ്പാടും  അപകടകരമായ അളവിലുള്ള  മൽസ്യവിഭവ ചൂഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ചെറുതെങ്കിലും വളരെ സുസ്ഥിരമായ പരമ്പരാഗത മൽസ്യബന്ധന രീതികളുടെ പ്രധാന്യം നാം നോക്കിക്കാണേണ്ടതും. ലക്ഷദ്വീപിലെ പരമ്പരാഗതമായ പോൾ ആൻഡ് ലൈൻ മൽസ്യബന്ധന രീതി അത്തരത്തിലൊന്നാണ്.

കടലിലുള്ള മൽസ്യസമ്പത്തിനെ അത് ചെറുതോ വലുതോ എന്ന വേർതിരിവില്ലാതെ ഒറ്റയടിക്ക് ചൂഷണം ചെയ്യുന്ന ട്രോളിങ് രീതികൾ പോലെയല്ല പോൾ ആൻഡ് ലൈൻ. ഓരോരോ മൽസ്യമായി ചൂണ്ടയിൽ പിടിക്കുന്നത് കൊണ്ട് തന്നെ മുഴുവൻ മൽസ്യസമ്പത്തും ഒറ്റയടിക്ക് ചൂഷണം ചെയ്യപ്പെടുന്നില്ല എന്നു മാത്രമല്ല ചൂര മത്സ്യത്തെ മാത്രം ലക്ഷ്യംവെച്ചുള്ള മൽസ്യബന്ധനമായതു കൊണ്ടുതന്നെ  ചൂണ്ടയിൽ കുരുങ്ങിയ ഒരു മത്സ്യവും പാഴായി പോകുന്നുമില്ല. ചെറിയ മത്സ്യങ്ങളെ ചൂണ്ടയിൽ പിടിക്കാത്തതിനാൽ  കടലിലുള്ള ചൂരയുടെ സ്റ്റോക്കിനേയും ഇത് മോശമായി ബാധിക്കുന്നില്ല. ഈ  പ്രത്യേകതകളൊക്കെക്കൊണ്ടുതന്നെ പോൾ ആൻഡ് ലൈൻ മൽസ്യബന്ധന രീതി തികച്ചും പരിസ്ഥിതി സൗഹാർദ്ദപരവും സുസ്ഥിരവുമാണ്. എന്നാൽ ലക്ഷദ്വീപിലെ ആവാസവ്യവസ്ഥക്കായി പെട്ടന്ന് തിരിച്ചറിയാൻ അല്ലെങ്കിൽ വായിച്ചെടുക്കാൻ സാധിക്കാത്ത ഒരു സേവനവും പോൾ ആൻഡ് ലൈൻ രീതി ചെയ്തുവരുന്നുണ്ട് എന്നതാണ് വസ്തുത. വർഷങ്ങളെടുത്തു വിവിധ ഭൂ പ്രതിഭാസങ്ങളിലൂടെ ഉയർത്തപ്പെട്ട പവിഴ പുറ്റുകളാണ് ഇന്ന് അറിയപ്പെടുന്ന ലക്ഷദ്വീപ് ദ്വീപസമൂഹം. പവിഴപുറ്റുകളാൽ നിർമ്മിക്കപ്പെട്ട ദ്വീപുകളായതുകൊണ്ടു തന്നെ, ദ്വീപുകളിൽ ജനവാസം സാധ്യമാവണമെങ്കിൽ പവിഴപുറ്റുകളേയും അവയിൽ കാണപ്പെടുന്ന വൈവിധ്യത്തേയും  ജീവജാലങ്ങളേയും സംരക്ഷിക്കേണ്ടതു വളരെ അത്യാവശ്യമാണ്. പ്രശസ്ത മറൈൻ സയന്റിസ്റ്റായ രോഹൻ ആർതറിന്റെ വാക്കുകൾ കടമെടുത്താൽ, പോൾ ആൻഡ് ലൈൻ ചൂര പിടുത്തം ഉള്ളതുകൊണ്ടാണത്രെ, ജീവനോപാധിക്കായി പവിഴപുറ്റുകളിൽ ദ്വീപിലെ ജനങ്ങൾക്കുള്ള ആശ്രിതത്വം കുറക്കാൻ കഴിഞ്ഞതും, അതുവഴി അവയെ ഇത്രകാലം അധികം കോട്ടം തട്ടാതെ സംരക്ഷിച്ചു നിർത്താൻ  സാധിച്ചതും.

ചൂര കിട്ടിയാല്‍ ദ്വീപുകാര്‍ക്ക് എല്ലാദിവസവും പെരുന്നാള് 

പ്രക്ഷുബ്ധമായ കടൽ കാരണം  മൺസൂൺ മാസങ്ങളായ ജൂൺ മുതൽ ഓഗസ്ററ് വരെയുള്ള കാലയളവിലും, 30 ദിവസങ്ങളോളം നീളുന്ന റംസാന്‍ നോമ്പ് കാലത്തും  ദ്വീപുകാർ ചൂര മൽസ്യം പിടിക്കാറില്ല. എന്നാൽ വർഷത്തിലെ ബാക്കി സമയം, ഏകദേശം 7 മുതൽ 8 മാസത്തോളം ചൂരപിടുത്തം തകൃതിയായി നടക്കുന്നുണ്ടാവും. പ്രധാനമായും "സ്കിപ്പ് ജാക്ക്" എന്നറിയപ്പെടുന്ന ചൂരയെയാണ് ലക്ഷദ്വീപുകാർ ലക്ഷ്യം വെയ്ക്കുക. എല്ലാ ദിവസവും എല്ലാവരും ചൂരമാത്രം പിടിച്ചാൽ അവ വിറ്റു പോകുമോ എന്ന സംശയം ന്യായമാണ്. ഏറ്റവും രസകരമായ വസ്തുത  എന്തെന്നാൽ എല്ലാ ദിവസവും ചൂര കഴിക്കാൻ ആഗ്രഹിക്കുന്ന ചൂര വിഭവ പ്രിയരാണ് ദ്വീപുകാർ. പ്രാദേശികമായി നിർമ്മിക്കുന്ന വിനാഗിരി, മുളകുൾപ്പെടെയുള്ള മറ്റു പലവ്യഞ്ജനങ്ങളും ചേർത്തുണ്ടാക്കുന്ന ചൂര വിഭവങ്ങൾ വളരെ രുചികരം ആയതുകൊണ്ട് തന്നെയാവാം ദ്വീപുകാർക്ക് ചൂര വിഭവങ്ങളോട് ഇത്ര താൽപര്യം

മാസ്സ് അഥവാ "മാസ്സ്‌" മിൻ 

ലക്ഷദ്വീപിലെ ചൂര പിടുത്തതിനൊപ്പം തന്നെ പ്രശസ്തമായ ചൂര ഉൽപ്പന്നമാണ് "മാസ്സ്" എന്നറിയപ്പെടുന്ന "മാസ്സ്‌മിൻ". ഒറ്റനോട്ടത്തിൽ ഒരു മരക്കഷ്ണം പോലെ തോന്നിക്കുന്ന ഈ ഉൽപ്പന്നം, ചൂരമൽസ്യത്തെ കടൽ വെള്ളത്തിൽ പുഴുങ്ങി പുകയിട്ടുണക്കി ഉണ്ടാക്കിയെടുക്കുന്നതാണ്. വളരെക്കാലം കേടുകൂടാതെ  സൂക്ഷിക്കാം എന്ന കാരണത്താൽ, പിടിച്ചുകൊണ്ടു വരുന്ന ചൂരയുടെ വലിയൊരു ശതമാനവും "മാസ്സ്‌മിൻ" ഉണ്ടാക്കി സൂക്ഷിക്കുകയാണ് ദ്വീപിൽ പതിവായി ചെയ്യാറുള്ളത്. ലക്ഷദ്വീപിന്റെ പ്രധാന കച്ചവട വിഭവം എന്നതിലുപരി മൽസ്യബന്ധനം നടത്താൻ ബുദ്ധിമുട്ടേറിയ മഴക്കാലത്തു ഭക്ഷണമായും മുന്‍കാലങ്ങളില്‍ "മാസ്സ്‌മിൻ" ഉപയോഗിച്ച് പോന്നിരുന്നു. എന്നാൽ “മാസ്സ്‌മിൻ” രുചികൾ ഇന്നും ദ്വീപുകാർക്ക്‌ വളരെ പ്രിയമുള്ളവയാണ്. “മസ്മിൻ” ചേർത്ത പലഹാരങ്ങളും മറ്റു വിഭവങ്ങളും ലക്ഷദ്വീപിന്റെ നാടൻ രുചികളാണ്. "മാസ്സ്‌മിന്" ശ്രീലങ്ക, മലേഷ്യ എന്നിവയടക്കമുള്ള വിദേശ രാജ്യങ്ങളിൽ വലിയ കച്ചവട സാധ്യതയുണ്ട്. ലക്ഷദ്വീപിൽ നിന്നും കയറ്റി അയയ്ക്കപ്പെടുന്ന "മാസ്സ്‌മിൻ" പ്രധാനമായും എത്തിപ്പെടുന്ന കമ്പോളങ്ങളാണിത്. 

ഈ അടുത്ത കാലത്തായി "കേര"യെന്നു കേരളത്തിലും "ചെവിയൻ" എന്ന് ലക്ഷദ്വീപിലും അറിയപ്പെടുന്ന "യെല്ലോ ഫിൻ" ചൂരയും ധാരാളമായി ദ്വീപുകാർ പിടിക്കുന്നുണ്ട്.എന്നാൽ പോൾ ആൻഡ് ലൈൻ രീതി ഉപയോഗിച്ചല്ല പ്രധാനമായും ദ്വീപിലെ "കേര"പിടുത്തം. ലക്ഷദ്വീപിൽ  ഈ മത്സ്യത്തിനു ആവശ്യക്കാരുണ്ടെങ്കിലും ഈ മത്സ്യത്തെ പ്രധാനമായും കേരളത്തിലേക്ക് വിൽക്കാനാണ് ഇവർ ശ്രമിക്കാറ്.

ചാളയില്ലാതെ ചൂരയില്ല 

ചൂര മത്സ്യബന്ധനത്തിന് ദ്വീപുകളിലെ ലഗൂണുകളിൽ സുലഭമായി ലഭിക്കുന്ന "ചാള" എന്നറിയപ്പെടുന്ന ചെറു ഇരമൽസ്യങ്ങൾ വളരെ പ്രധാനമാണ്. ഓരോ ചൂര പിടുത്ത ബോട്ടുകളും അതാതു ദിവസത്തെ മത്സ്യബന്ധനം തുടങ്ങുന്നത് ദ്വീപുകളിലെ പടിഞ്ഞാറൻ തീരത്തുള്ള ലഗൂണുകളിൽ നിന്നും ഇര മത്സ്യത്തെ ശേഖരിച്ചു കൊണ്ടാണ്. വിവിധ തരം ചാളകൾ ലഗൂണുകളിൽ ലഭ്യമാണ്. ബോധി, നീലമാഹി, റഹി എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന വിവിധതരത്തിൽ ഉള്ള മത്സ്യങ്ങളേയാണ് ചൂരപിടുത്തത്തിനുപയോഗിക്കുക. "ചാള"യെ ശേഖരിച്ച ശേഷം ഉൾക്കടലിൽ ചൂരക്കൂട്ടത്തെ കണ്ടെത്തും വരെ അവയെ ജീവനോടെ നിലനിർത്തേണ്ടത്  പോൾ ആൻഡ് ലൈൻ  രീതിയിലൂടെയുള്ള  ചൂര പിടുത്തത്തിനാവശ്യമാണ്. അതിനായ് ബോട്ടിൽ പ്രത്യേകമായി  സജ്ജീകരിച്ചിട്ടുള്ള "ചാള" പ്പെട്ടിയിലാണ് അവയെ സൂക്ഷിക്കുക. വളരെ ചെറിയ മത്സ്യങ്ങളാണെങ്കിലും ചാളയില്ലാതെ ചൂര പിടുത്തം‌ സാധ്യമല്ല. അതിനാൽ ചൂര പിടുത്തം ഒരു ജീവനോപാധിയായി നിലനിന്നു പോരുവാൻ ചാള ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 

മൽസ്യമേഖലയും വികസനവും 

മനുഷ്യന്റെ നിശ്ചയദാർഢ്യമാണ്  ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതമായതും എന്നാൽ  ഒറ്റപ്പെട്ടു  കിടക്കുന്നതുമായ  ഈ പവിഴദ്വീപുകളിൽ മനുഷ്യവാസം സാധ്യമാക്കിത്തീർത്തത്.  വർഷങ്ങളായി വിവിധ സാമ്പത്തിക സഹായങ്ങളിലൂടെയും വികസന പദ്ധതികളിലൂടെയും ലക്ഷദ്വീപിലെ ഫിഷറീസ് വകുപ്പും, ദ്വീപിലെ എല്ലാ മൽസ്യത്തൊഴിലാളികളേയും സഹായിച്ചു പോരുന്നുണ്ട്. പോൾ ആൻഡ് ലൈൻ രീതി പോലെ പരമ്പരാഗതമായ ഒരു മൽസ്യബന്ധന രീതി കഴിഞ്ഞ 50 വർഷത്തിലേറെയായി ലക്ഷദ്വീപിൽ നിലനിർത്തിപ്പോരുന്നതിൽ സർക്കാരിന്റെ ഈ സഹായങ്ങൾക്കെല്ലാം നിർണ്ണായകമായ പങ്കുമുണ്ട്.  കൂടാതെ ഈ കാലഘട്ടമത്രയും സാമൂഹികമായും സാമ്പത്തികമായും വളരാൻ ചൂരപിടുത്തം എന്ന ജീവനോപാധി ദ്വീപുനിവാസികളെ വളരെയധികം സഹായിച്ചിട്ടുണ്ട്.  

ഫിഷറീസ് മേഖലയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് രാജ്യ വ്യാപകമായി സർക്കാർ ആലോചിച്ചു വരുന്നത്. വർദ്ധിച്ച അളവിലുള്ള മത്സ്യോത്പാദനം ലക്ഷ്യമിട്ടു രണ്ടാം നീല വിപ്ലവത്തിനു തന്നെ രൂപരേഖയായി കഴിഞ്ഞു. ഉയർന്ന ഉദ്പാദനക്ഷമതയിലൂടെ മത്സ്യ മേഖലയുടെ വികസനം സാധ്യമാക്കാം എന്ന ആഖ്യാനത്തിനടിസ്ഥാനമായാണ് ഈ നയപരിപാടികൾ  രൂപീകരിച്ചിട്ടുള്ളത്. എന്നാൽ കേവലം ഉത്പാദനക്ഷമത കൂട്ടി ഫിഷറീസ് മേഖലയെ ഉന്നമനത്തിലെത്തിക്കാം എന്ന വികസന ഭാഷ്യം പരമ്പരാഗത മൽസ്യബന്ധന രീതികൾ അവലംബിച്ചു പോരുന്ന ലക്ഷദ്വീപ് ചൂരപിടുത്തക്കാർക്ക് എത്രത്തോളം ഗുണപ്രദമാകും എന്നത് ചിന്തനീയമാണ്. ചൂര ഉത്പാദനത്തിനേക്കാൾ ഈ ജീവനോപാധിയുടെ  സുസ്ഥിരതയ്ക്കാവണം വികസന കാര്യങ്ങളിൽ മുൻഗണന നൽകേണ്ടത്. 

എന്നാൽ ചൂര ഉത്പാദനം വർദ്ധിപ്പിക്കുവാൻ വേണ്ട അടിസ്ഥാന സംവിധാനങ്ങൾക്കൊപ്പം പോൾ ആൻഡ് ലൈൻ മൽസ്യബന്ധന രീതിയുടെ അടിസ്ഥാനമായ "ചാള"യുടെ ലഭ്യത ഉറപ്പു വരുത്തുന്ന പദ്ധതികളും ലക്ഷദ്വീപിലെ  മൽസ്യബന്ധന മേഖലയുടെ വികസന പദ്ധതികളിൽ ഉൾക്കൊള്ളിക്കണം. ചൂര വിപണനത്തിന്റെ സാധ്യതകളും  ദ്വീപിലെ സംസ്കാരവും ഭൂപ്രകൃതിയുടെ പ്രത്യേകതകളും  മനസ്സിലാക്കി ദ്വീപുനിവാസുക്ളുടെ യഥാർത്ഥ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ജന-കേന്ദ്രീകൃതമായ വികസന പദ്ധതിയാണ് ലക്ഷദ്വീപ് പോൾ ആൻഡ് ലൈൻ മേഖലയ്ക്കാവശ്യം.

(വ്യക്തികളുടെ പേരുകള്‍ സാങ്കല്‍പ്പികം)
Contact the author

Ajith Raj

Recent Posts

Web Desk 3 months ago
Lifestyle

മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

More
More
Web Desk 5 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

More
More
Web Desk 10 months ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
Web Desk 10 months ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

More
More
National Desk 11 months ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 1 year ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

More
More