സിനിമ ഹലാലാകുമ്പോൾ - ഷിലുജാസ് എം.

ഒരു സമ്പൂർണ്ണ ആക്ഷേപഹാസ്യമാണ് 'ഹലാൽ ലൗ സ്റ്റോറി'. നിലനിൽക്കുന്ന സാമ്പ്രദായികതകളെ പൊളിക്കുന്നതാണ് സിനിമക്കുള്ളിലെ ഈ സിനിമാക്കഥ. പേരിലെ കൗതുകത്തോട് നീതി പുലര്‍ത്തുന്ന തരത്തിലാണ് ആദ്യാന്തം സിനിമ മുന്നേറുന്നതും. ഗൗരവം ഒട്ടും ചോരാതെയും കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിച്ചുമുള്ള കഥപറച്ചിൽ രീതിയിലൂടെയാണ് ഈ സിനിമ ആസ്വാദക മനസ്സിൽ ഇടം നേടുന്നതും സ്വയം അടയാളപ്പെടുത്തുന്നതും. മുഖ്യധാരാ പുരോഗമന പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും മത/പൊതു ദ്വന്ദങ്ങളെ ഈ സിനിമ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. കേഡർ സ്വഭാവം വെച്ചുപുലർത്തുന്ന (സംഘടനാപരമായ കടുത്ത അച്ചടക്കം) മതസംഘടനകളുടെ പരിമിതികളിലേക്കാണ് യഥാർത്ഥത്തിൽ അത് വാതിൽ തുറക്കുന്നത്. ഇസ്ലാമിക ദര്‍ശനത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കേഡർ സംഘടനകളുടെ രീതികളും അതിലെ പരിമിതികളും സ്വാതന്ത്ര്യമില്ലായ്മയും യാന്ത്രികതകളും കൃത്യമായി പറഞ്ഞുകൊണ്ട് മുന്നേറുന്ന ഈ സിനിമ പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടുതന്നെ ചിന്തിപ്പിക്കുകയാണ്.

വർഷങ്ങളായി തെരുവുനാടകങ്ങളിൽ അഭിനയിക്കുന്നവനാണ് കഥയിലെ നായകനായ ഷെരീഫ് എന്ന യുവാവ്. എന്നിട്ടും ഒരു യഥാർത്ഥ സിനിമയിൽ അഭിനയിക്കേണ്ടി വരുമ്പോൾ ഷെരീഫ് 'സീറോ' ആകുന്നു. അവസാനം സ്വന്തം ഭാര്യയുടെ ഭർത്താവായി അഭിനയിക്കാൻ മറ്റാരെയും സംഘടന അനുവദിക്കാത്തതിനാൽ മാത്രമാണ്  ഷെരീഫ് അഭിനയത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എല്ലാദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് പുസ്തകം നോക്കി തൻറെ കടമകൾ ചെയ്തു എന്ന് ഉറപ്പു വരുത്തി ടിക്ക് ചെയ്ത് കിടന്നുറങ്ങുന്ന 'ദീനീബോധ'മുള്ള (തന്റെ സംഘടനയുടെ നിര്‍വചനത്തില്‍) ഭർത്താവാണയാൾ. സംഘടന അടിച്ചേൽപ്പിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയും അച്ചടക്കശീലങ്ങളും ഷരീഫിനെ വല്ലാതെ യാന്ത്രികമാക്കിയിട്ടുണ്ടെന്ന് അയാൾ പറയുന്ന ഡയലോഗുകളിൽ നിന്നും ശരീരഭാഷയിൽ നിന്നും മനസ്സിലാക്കാം. സ്വാതന്ത്ര്യമില്ലാത്ത മനസ്സിൽ കലയുണ്ടാവില്ലെന്ന് ഭാര്യ സുഹറ തിരിച്ചറിയുന്നുണ്ട്. എന്നാൽ അത് ഭർത്താവിനോട് പറയാൻ മടിയോ പേടിയോ കാരണം സാധിക്കുന്നില്ല. പകരം "നിങ്ങൾ ഓവർ ആക്ടിങ്ങ് കുറക്കണ"മെന്നു മാത്രമാണവൾ ഉപദേശിക്കുന്നത്. സുഹറയെപ്പോലെ തുടൽ അനുവദിക്കുന്ന ദൂരങ്ങളിലേക്ക് മാത്രം നടക്കുന്ന അതിനുള്ളിൽ മാത്രം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരുപാട് മുസ്ലിം പെൺകുട്ടികളുണ്ട്. എന്നിട്ടും ഒരവസരം വന്നപ്പോൾ സുഹറ മനസ്സുതുറക്കുന്നുണ്ട് സ്വന്തം ഭർത്താവിനു മുന്നിലെങ്കിലും.

"ഞാൻ ദൂരത്തന്നായിരുന്നു അടുത്തുള്ളപ്പോഴും" എന്ന് സിനിമാ കഥയിൽ മാത്രമല്ല  ജീവിതത്തിലെത്തന്നെ ഭാര്യയോടും ഷെരീഫ് പറയാതെ പറയുന്നുണ്ട്. പലപ്പോഴും സ്വയം പുരോഗമന പക്ഷക്കാരെന്നു നടിക്കുന്ന മതസംഘടനകളെ അങ്കലാപ്പിലാക്കുന്നതാണ് സിനിമയിലെ ഓരോ ഡയലോഗും. സിനിമയെടുക്കലിൻ്റെ പല അനിശ്ചിതത്ത്വങ്ങളിലും തൗഫീഖ് എന്ന ചെറുപ്പക്കാരൻ സംഘടനയുടെ ചരടു മുറുക്കത്തിൽപ്പെട്ട്  ആശയക്കുഴപ്പത്തിലാകുന്നുണ്ട്.

"പടച്ചോനെ എനിക്ക് പേടിയില്ല പടച്ചോന് എൻറെ അവസ്ഥ മനസ്സിലാകും പക്ഷേ സംഘടനകയോട് എന്തുപറയും എന്നതാണ് എൻറെ പേടി" എന്നൊരിടത്ത് പറയുന്നുപോലുമുണ്ട് തൗഫീക്ക്. വാദത്തിലൊന്നും അനുഭവത്തില്‍ മറ്റൊന്നുമായിത്തീരുന്ന മത/ പൊതു ബോധങ്ങൾ മതസംഘടനകളുടെ ഒരു രീതിയാണ്. കയ്യുംകാലും കൂട്ടിക്കെട്ടിയിട്ട് ചാടാനും ഓടാനും അനുവാദം നൽകുന്ന ഒരു വിചിത്ര രീതിയാണത്.

സിനിമയിൽ പാർവ്വതി തെരുവോത്ത് അവതരിപ്പിക്കുന്ന പരിശീലകയുടെ റോൾ വളരെ ശ്രദ്ധേയമാണ്. അഭിനയം പഠിപ്പിക്കാനും പരിശീലിപ്പിക്കാനും വരുന്ന പരിശീലക അവരോട് ശ്വാസം വിടാനും മസിൽ പിടിക്കാതിരിക്കാനും മനസ്സിലുള്ളത് അതുപോലെ പുറത്ത് കാണിക്കാനുമെല്ലാം ആവശ്യപ്പെടുമ്പോൾ അത് ഇത്തരം മതസംഘടനകളുടെ നേതാക്കൾക്കും അനുയായികൾക്കും നിർബന്ധമായി കിട്ടേണ്ട ഒരു പ്രധാന പരിശീലനം തന്നെയാകുന്നു. 

വ്യക്തികളുടെ സ്വകാര്യതകളിൽ മതസംഘടന എത്രമാത്രം ഇടപെടുന്നു എന്ന് കാണിക്കാൻ സിനിമയുടെ അവസാനം നായകനായ ഷെരീഫും ഭാര്യ സുഹറയും നടത്തുന്ന സംഭാഷണം ധാരാളമാണ്. എല്ലാ കെട്ടിപിടുത്തങ്ങളും സെക്സിനാണെന്ന് ധരിക്കരുതെന്നും നമ്മൾ സെക്സിനുവേണ്ടിയല്ലാതെയും കെട്ടിപ്പിടിക്കാറില്ലേ എന്നും സിനിമാ കഥയുടെ സംവിധായകനായ സിറാജ് ചോദിക്കുന്നതാണ് അതിൻറെ പശ്ചാത്തലം. തങ്ങൾ കെട്ടിപ്പിടിച്ചതത്രയും സെക്സിന് മുൻപായിരുന്നല്ലോ എന്ന് അപ്പോഴാണ് ഷരീഫും സുഹറയും ചിന്തിക്കുന്നത്. കാഷ്വൽ ആയ കെട്ടിപ്പിടുത്തങ്ങൾ അവർ മനപൂർവ്വം വേണ്ടെന്നു വച്ചതാണ്. പൊതു ഇടങ്ങളിലുള്ള കെട്ടിപ്പിടുത്തങ്ങളൊക്കെ ഹറാമായതിനാൽ അത്തരമൊരു സിനിമാരംഗം സംഘടനക്ക് നാണക്കേട് ഉണ്ടാക്കുമെന്നും അത് പൊറുക്കാനാവാത്ത തെറ്റായിത്തീരുമെന്നും അവർ പേടിക്കുന്നുണ്ട്.

കഴിഞ്ഞ പത്തിരുപത് വർഷത്തെ കേരളത്തിലെ മുസ്ലീങ്ങളുടെ മത ജീവിതത്തിൽ വന്നിട്ടുള്ള കാര്യമായ മാറ്റങ്ങൾ ഈ സിനിമ ഉൾക്കൊണ്ടിട്ടുണ്ട്. മതസംഘടനകൾക്കുള്ളിൽ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച് ഹറാമുകൾ ഹലാലുകൾ ആകുന്നതും തിരിച്ച് സംഭവിക്കുന്നതും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഏതാണ്ട് 18 വർഷങ്ങൾക്ക് മുൻപ് പത്രപ്രവർത്തനം പഠിച്ചിറങ്ങിയ കാലത്ത് എനിക്കുണ്ടായ ഒരനുഭവം ഇതോടൊപ്പം ചേർത്തു പറയാവുന്നതാണ്. പത്രങ്ങളിൽ ജോലിയ്ക്കായുള്ള അപേക്ഷകൾ അയച്ചുതുടങ്ങിയ കാലത്തായിരുന്നു അത്. പുരോഗമനം അവകാശപ്പെടുന്ന മുസ്ലീം പ്രസ്ഥാനങ്ങൾ നടത്തുന്ന പത്രസ്ഥാപനങ്ങൾ ഉണ്ടായിരുന്നിട്ടുകൂടി അവിടങ്ങളിലൊന്നും സ്ത്രീകളെ ജോലിക്ക് എടുക്കാതിരുന്ന കാലമായിരുന്നു അത്. അതിൽപ്പെട്ട ഒരു പത്രത്തിലെ സബ് എഡിറ്ററോട്  "നിങ്ങളുടെ പത്രത്തിലെന്താണ് സ്ത്രീകളെ എടുക്കാത്തത്" എന്നു ചോദിച്ചപ്പോൾ "ഞങ്ങൾ  പുരുഷ ജീവനക്കാരുടെ കോൺസെൻട്രേഷൻ തെറ്റാതിരിക്കാൻ" എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. ഒരു തമാശ കേട്ടതുപോലെ, "ഇവിടെ സ്ത്രീകൾ ഹറാമാണ്" എന്നും പറഞ്ഞു. അവിടെ കൂടിനിന്നിരുന്ന പുരുഷ ജീവനക്കാരെല്ലാം അന്ന് ഉറഞ്ഞുചിരിച്ചത് ഞാനോർക്കുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ പുരോഗമന പ്രസ്ഥാനങ്ങളെല്ലാം സ്വന്തം നിലയ്ക്ക് ചാനലുകൾ നിരത്തിയങ്ങു തുടങ്ങിയപ്പോൾ ഹറാമായിരുന്ന സ്ത്രീകളെല്ലാം ഹലാലായതു കണ്ട് ഞാനും കുറെ ചിരിച്ചിട്ടുണ്ട്.

ദൃശ്യ മാധ്യമങ്ങളാകുമ്പോൾ അതിൻറെ  നിലനിൽപ്പിന് സ്ത്രീകളും കൂടി അനിവാര്യമാണെന്ന കച്ചവട ചിന്തയിലേക്ക് പ്രസ്ഥാനക്കാർ മാറിയതാണോ ഈ മനംമാറ്റത്തിനു കാരണമെന്നറിയില്ല. എന്തായാലും അതൊരു ശുഭകരമായ മാറ്റം തന്നെയായിരുന്നു. സിനിമയിലെ നായികയായ സുഹറയുടെ ഭാഷയിൽ പറഞ്ഞാൽ അന്നവർ ഫീലിംഗ് വെച്ചായിരുന്നു ചിന്തിച്ചതെങ്കിൽ ഇന്ന് ബുദ്ധിവച്ചാണവർ ചിന്തിക്കുന്നത്. 

ഭാര്യ മറ്റുള്ളവരുടെ മുൻപിൽ മനസ്സുതുറന്നത് തനിക്ക് നാണക്കേടായെന്നാണ് നായകനായ ഷെരീഫ് ചിന്തിക്കുന്നത്. അവർക്കിടയിലെ ബന്ധം കൂടുതൽ വഷളാകുമ്പോൾ മറ്റേതൊരു പുരുഷനേയും പോലെ ഷെരീഫ് ഭാര്യയോട് ചോദിക്കുന്നുണ്ട് ഈ വീട്ടിൽ നിനക്ക് എന്തിൻ്റെയെങ്കിലും കുറവുണ്ടോയെന്ന്. അതിന് അവള്‍ നൽകുന്ന മറുപടി പുരോഗമനപ്രസ്ഥാനങ്ങളുടെ മാത്രമല്ല ഒരു ശരാശരി മലയാളിചിന്തയെ സ്ഫുടം ചെയ്യുന്നതാണ്. "എനിക്ക് ഈ വീട്ടിൽ എല്ലാം കൂടുതലാണ് ഒന്ന് കുറച്ചുതന്നാൽ മാത്രം മതി" എന്നാണ് സുഹറയുടെ ഉത്തരം. മാത്രവുമല്ല "ഓവർ ആക്ടിങ്ങ് കുറച്ചാൽ കൂടുതൽ നന്നാകും" എന്ന ഉപദേശവും അവൾ ഭർത്താവിന് നൽകുന്നുണ്ട് .

സിനിമ എടുക്കന്നതും അഭിനയിക്കുന്നതും കാണുന്നതുമെല്ലാം ഹറാമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടമാളുകൾ, അത് കാലത്തിൻറെ ആവശ്യകതയാണെന്ന പുരോഗമനം പറഞ്ഞുകൊണ്ട് ഹലാലായ ഒരു ടി വി സിനിമ എടുക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. അതേസമയം മതം മുറുകെപിടിച്ചുകൊണ്ടുള്ള കുറുകെച്ചാടലുകൾക്കിടയിൽ സംഭവിക്കുന്ന പൊരുത്തക്കേടുകളെ സരസമായി സമീപിക്കുകയാണ് ഈ സിനിമ. പ്രതീകാത്മകമായി പ്രേക്ഷകരെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഈ സിനിമ അവരോട്  സംവദിച്ഛവസാനിപ്പിക്കുന്നത്.

(കോഴിക്കോട് ഫാറൂഖ് കോളെജിലെ സോഷ്യോളജി വിഭാഗത്തില്‍ അസിസ്റ്റന്‍റ്  പ്രൊഫസറും ദൃശ്യമാധ്യമ പ്രവര്‍ത്തകയുമാണ് ലേഖിക) 

Contact the author

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More