ഡല്‍ഹി: എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയെ പോലുളള നേതാക്കള്‍ മുസ്ലീങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ഉറുദു കവി മുനവ്വര്‍ റാണ. ഒവൈസിയെ പാകിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുമായി തുലനം ചെയ്ത അദ്ദേഹം ഇന്ത്യയില്‍ മറ്റൊരു ജിന്നയെ തഴച്ചുവളരാന്‍ അനുവദിക്കില്ല എന്നും കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയതിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒവൈസി മുസ്ലീം വോട്ടുകള്‍ വിഭജിക്കുന്നു. ഇത് ഒടുവില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒവൈസി ബിജെപിയുടെ ഏജന്റാണ്, അദ്ദേഹം എപ്പോഴും വോട്ട് വിഭജനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്, അസദുദ്ദീനും സഹോദരന് അക്ബറുദ്ദീന്‍ ഒവൈസിയും തന്നെ സംബന്ധിച്ചിടത്തോളം ഗുണ്ടകളാണ്, അവര്‍ മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുകയും മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നത് ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാനാണ് - മുനവ്വര്‍ റാണ പറഞ്ഞു.
മുസ്ലീം ആധിപത്യമുളള സീമാഞ്ചല്‍ മേഖലയില്‍ എന്‍ഡിഎയെ പുറത്താക്കാന്‍ തേജസ്വി യാദവിന്റെ മഹാഘട്ബന്ധനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ബിജെപിയുടെ സഹായമാണ് ഒവൈസി തെരഞ്ഞെടുത്തത്. ഈ വോട്ടുകളും സീറ്റുകളും ബിഹാര്‍ രാഷ്ട്രീയത്തിന്റെ മുഴുവന്‍ ഭാഗ്യത്തെയും മാറ്റിമറിച്ചു 'എന്ന് അദ്ദേഹം വിശദീകരിച്ചു.
ബിഹാറില്‍ ലഭിച്ച അഞ്ച് സീറ്റുകള്‍കൊണ്ട് ഒവൈസി മുസ്ലീങ്ങള്‍ക്ക് എന്താണ് ചെയ്യുക, അസദുദ്ദീനെ സംബന്ധിച്ച് .യുപിയും ബിഹാറും പാല് നല്കുന്ന പശുവാണ് എന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിലെ മുസ്ലീം വോട്ടുകള്‍ ഒവൈസിയും ഹിന്ദു വോട്ടുകള്‍ അമിത് ഷായും വിഭജിക്കുമന്ന് മുനവ്വര്‍ റാണ പറഞ്ഞു. താന്‍ മരിക്കുന്നതിനു മുന്‍പ് മുസ്ലീങ്ങളെ ഭിന്നിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയാന്‍ മുസ്ലീം യുവാക്കളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു, രാജ്യത്തിന്റെ സൗന്ദര്യം അതിന്റെ വൈവിധ്യത്തിലാണ് അതില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും കവി മുനവ്വര്‍ റാണ കൂട്ടിച്ചേര്‍ത്തു.