സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി സൗദി പ്രഖ്യാപിച്ചത്. തുടര്‍ന്ന്, സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ വന്ദേഭാരത് സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നതായി ഇന്ത്യയും വ്യക്തമാക്കിയിരുന്നു.
ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു. അതേ സമയം ഇന്നലെ മുതല്‍ സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, മുൻകരുതലെന്ന നിലയിൽ ഇന്ത്യയിൽനിന്ന് ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആശങ്ക വേണ്ടെന്നും സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വ്യക്തമാക്കി. യുഎസിലും ബ്രിട്ടനിലും കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഏതാനും ആഴ്ചകളായി കാര്യമായ വർധനയില്ല. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പുകളും ക്രിസ്മസും ന്യൂ ഇയറും കണക്കിലെടുത്തു ജാഗ്രതാ മുന്നറിയിപ്പുണ്ട്.