ചണ്ഡീഗഡ്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ നല്കാന് നിര്‍ദേശിക്കരുതെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍. ഓക്സിജന്‍ അത്യാവശ്യമുളള രോഗികള്‍ക്ക് നല്കാനുളളതാണ്. അവരുടെ ജീവന് സംരക്ഷണം നല്‍കുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പഞ്ചാബ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
ചില ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ഓക്സിജന്‍ നല്കാന് നിര്‍ദേശിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജീവന് നിലനിര്‍ത്താനായി ഓക്സിജന്‍ അത്യാവശ്യമുളള രോഗികള്‍ക്ക് അത് ലഭിക്കാതെ പോകാന്‍ സാധ്യതയുളളതിനാല്‍ ഇനിമുതല്‍ ഒരു ഡോക്ടറും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ നിര്‍ദേശിക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹുസാന് ലാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചാബില്‍ 7,953 കൊവിഡ് കേസുകളും 180 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. 4,12,262 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,980 പേര്‍ക്ക് ജീവന് നഷ്ടമായി. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.