തിരുവനന്തപുരം: കേരളം നേരിട്ട് വാക്സിന് നിര്‍മാതാക്കളില്‍ നിന്ന് വാങ്ങുന്ന വാക്സിന്റെ ആദ്യ ബാച്ച് ഇന്നെത്തും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് ഇന്ന് ഉച്ചയോടുകൂടി കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക.
രാജ്യത്ത് 18 വയസുമുതല്‍ 45 വയസുവരെയുളളവര്ക്കായുളള വാക്സിനേഷന് മെയ് ആദ്യം ആരംഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വാക്സിന് പ്രതിസന്ധി രൂക്ഷമായതിനാല്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനായിരുന്നില്ല. അതിനാല്‍ ഇത്തവണ കേരളത്തിലെത്തുന്ന വാക്സിന് 18 മുതല്‍ 45 വരെയുളളവരില്‍ ഗുരുതര രോഗങ്ങളുളളവര്‍ക്ക് വാക്സിന് നല്‍കുന്നതിനായിരിക്കും മുന്‍ഗണന. ബസ് ജീവനക്കാര്‍ക്കും, കടകളില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കാനും ആലോചനയുണ്ട്.
വാക്സിന് വിതരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിലുണ്ടാവും. 75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 35,801 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 68 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5814 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്.