ഈ പെരുന്നാളൊന്ന് ഇസ്തിരിയിട്ടു നിവര്‍ത്തിയെടുക്കാന്‍ എത്ര കനല്‍ വേണം - ജൌഹര്‍ ചേളേരി

മഴയാര്‍ത്തു പെയ്യുന്ന രാവ്. അള്ളാഹു അക്ബർ...  അള്ളാഹു  അക്ബർ... സുബഹി ബാങ്കു കേട്ടുണര്‍ന്നുള്ള ഉറക്കത്തിന് മഗ്‍രിബിന്‍റെ സുഖമാണ്. ശൈത്താന്‍റെ വിളിക്കല്ല റബ്ബിന്‍റെ വിളിക്കാണ് ഉത്തരം നല്‍കേണ്ടതെന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങുമ്പോഴേക്കും ഉറക്കം എഴാകാശവും ഏഴു ബഹറും പിന്നിട്ടിട്ടുണ്ടാകും. 

ഓര്‍ത്തെടുക്കാനാവാത്ത എന്തോ കിരാത സ്വപ്നം കണ്ട് ഞെട്ടിയുണന്നപ്പോഴാണ് സുഹൃത്തിന്‍റെ മെസ്സേജ് കണ്ടത്. 

"എടാ... വണ്ടി വല്ലതും സെറ്റ് ആയോ..?"

പടച്ചോനെ, വണ്ടി...! നിലമ്പൂര്‍ക്ക് സാധനം കൊണ്ടുപോകാനുള്ള വണ്ടി! ഇടിവെട്ടിയപോലെ സ്ഥലകാല ബോധം ഇരച്ചെത്തി. 2018-ലെ പ്രളയം. 2017-പ്രളയത്തെ അപേക്ഷിച്ചു ദുരന്തം കൂടുതലും ഉത്തര കേരളത്തിൽ. ആദ്യ പ്രളയത്തിന്‍റെ എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഇത്തവണ "മലബാർ വോളണ്ടിയേഴ്സ്  കളക്റ്റീവ്" കുറെക്കൂടി organized ആയിരുന്നു. മഴ ശക്തമായി, ഫ്ളഡ് അലെർട്  വന്നുതുടങ്ങിയപ്പോ തന്നെ പഴയ വാട്സാപ്പ് ഗ്രൂപ് സജീവമായി. സുഹൃത്തുക്കളുടെ നേതൃത്വത്തിൽ രാമനാട്ടുകര സ്കൂളിൽ ഫ്ളഡ് റിലീഫ് പോയിന്റ് ഒരുങ്ങാൻ ഏറെ സമയമൊന്നും വേണ്ടിവന്നില്ല. 2017-ൽ റിലീഫ് മെറ്റീരിയൽസുമായി വന്ന പലരും ഈവർഷം ദുരിതത്തിലാണ്. പക്ഷെ, കഴിഞ്ഞ വർഷം ദക്ഷിണ കേരളത്തില്‍നിന്നും പരിചയപ്പെട്ട പലരും സഹായ വാഗ്ദാനങ്ങളുമായി ബന്ധപ്പെടാൻ തുടങ്ങി. 'ചെറുതുകൾ ചേർന്ന് വലുതാകു'മെന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ടാഗ് ലൈൻ അന്വര്‍ത്ഥമാക്കുന്ന കാഴ്ചകൾ. ഇടവിട്ടു പെയ്യുന്ന മഴ. ഇടവേളകളിലെ മഞ്ഞവെയില്‍. മനുഷ്യരൊക്കെ 'എന്തുനല്ല മനുഷ്യരാണെന്ന്' ഓര്‍ത്തോര്‍ത്ത് അന്തംവിട്ടിരിക്കുകയാണ്.

പിറ്റേന്ന് പെരുന്നാളാണ്. നിലമ്പൂരേക്കും വയനാട്ടേക്കും ഓരോ ലോഡ് റിലീഫ് മെറ്റീരിയൽസ് അയക്കാൻ പാക്കിങ് നടന്നുകൊണ്ടിരിക്കുന്നു. ഏകദേശം രാത്രി 8 മണിയോടെയാണ് സാധനസാമഗ്രികള്‍ കൊണ്ടുപോകുന്ന ഞങ്ങളുടെ വാഹനം പണിമുടക്കിയത്. കനത്ത മഴ തുടരുകയാണ്. വൈദ്യുതി നിലച്ചിട്ട് ദിവസങ്ങളായി. എന്തുചെയ്യുമെന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് 'നാളേക്ക് രണ്ടു ലോറികള്‍ കൂടെ വേണമെന്ന' വിവരം ലഭിക്കുന്നത്.

ആരെ വിളിക്കും? ആരടുത്തുണ്ട്? സാധനങ്ങളെല്ലാം പാക്‌ചെയ്തു കഴിഞ്ഞു. അക്ഷമയോടെ വരനെ കാത്തു നില്‍ക്കുന്ന വധുവിനെപ്പോലെ അവയങ്ങനെ കെട്ടിക്കിടക്കുകയാണ്. മുറ്റം നിറയെ വെള്ളം. തകഴിയെയാണ് പെട്ടന്ന് ഓര്‍മ്മവന്നത്. 'നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍, പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല..."

രാവൊടുങ്ങാറായി. മഴ തീരെ പെയ്യുന്നില്ല. ഫോണില്‍ ചര്‍ജ് തീര്‍ന്നു. ഇനി വിളിക്കാന്‍ ആരും ബാക്കിയില്ല. ഈ ഭൂലോകത്ത് എന്തോരം മനുഷ്യന്മാരുണ്ട്. നല്ല സ്നേഹള്ളോര്. എന്നിട്ടും അവരെ കണ്ടെത്താനാണ്‌ പാട്. മനസ്സ് പാകമാകാത്തൊരു മുറിവിന്റെ കുപ്പായമെടുത്തണിയുന്നു. ഇരുട്ടിന്റെ കണ്ണാടിയിൽ നോക്കുന്നു. നോവ് തെളിയുന്നു. നാളെ പെരുന്നാളാണ്. ചുളുക്കുവീണ പെരുന്നാള്‍. ഇതൊന്ന് ഇസ്തിരിയിട്ടു നിവര്‍ത്തിയെടുക്കാന്‍ എത്ര കനല്‍ കത്തിക്കേണ്ടിവരും?... 

Contact the author

Jouhar

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More