പുരയ്ക്ക് മേല്‍ ചാഞ്ഞാല്‍ ശൈലജയേയും വെട്ടും -സുഫാദ് സുബൈദ

അടുത്ത അഞ്ചുവര്‍ഷം ശൈലജ ടീച്ചര്‍ എം എല്‍ എയായി സഭയില്‍ തുടരും. സിപിഎം സംസ്ഥാന്‍ സെക്രട്ടേറിയറ്റ് മുന്നോട്ടുവച്ച മന്ത്രിസഭാ അംഗങ്ങളുടെ പാനല്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പ്രഖ്യാപനവും വന്നു. ചാനലായ ചാനലുകളെല്ലാം സിപിഎം മന്ത്രിമാരുടെ സാധ്യാതാ ലിസ്റ്റ് അവതരിപ്പിക്കുമ്പോള്‍ ഒഴിവാക്കാത്ത രണ്ടുപേരുകളാണ് ഉണ്ടായിരുന്നത്. ഒന്ന് കാപ്റ്റന്‍, രണ്ട് ടീച്ചറമ്മ. ഈ വിശേഷണങ്ങളുണ്ടെങ്കില്‍ പിന്നെ അവരുടെ യഥാര്‍ത്ഥ പേരുപോലും ആവശ്യമില്ല, ആളുകള്‍ തിരിച്ചറിയും. ഒരാള്‍ പ്രളയം, കൊവിഡ്‌ പ്രതിരോധം എന്നിവയില്‍ കേരളത്തിന്റെ കാവലാളായി നിന്നയാള്‍. ഭവന പദ്ധതി, ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യകിറ്റ് എന്നീ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ജനസംരക്ഷകനായി വളര്‍ന്നയാള്‍. രണ്ടാമത്തെയാള്‍ കൊവിഡ്‌, നിപ പ്രതിരോധത്തിന്റെ പേരില്‍ ലോക മാധ്യമങ്ങളും അന്താരാഷ്ട്ര ആരോഗ്യ സംഘടനകളും പേരെടുത്ത് പറഞ്ഞും പുരസ്കാരം നല്‍കിയും ആദരിച്ചയാള്‍.

പ്രവര്‍ത്തന മികവിന്റെ പേരില്‍ ടീച്ചറമ്മയ്ക്ക് മാത്രം മന്ത്രിയായി തുടരുന്ന കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കാനാകുമോ?  തോമസ്‌ ഐസക്കും, സുധാകരനും, രവീന്ദ്രനാഥും, എം എം മണിയും, മൊയ്തീനുമൊക്കെ മെച്ചപ്പെട്ട പ്രകടനമല്ലേ കാഴ്ചവെച്ചത്? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എപ്പോഴെങ്കിലും സംസ്ഥാനത്ത് ട്രഷറി പൂട്ടിയിടേണ്ടി വന്നിട്ടുണ്ടോ? കേന്ദ്രം ഞെരുക്കിയിട്ടും ക്ഷേമ പെന്‍ഷനുകളും കിട്ടും മുടക്കമില്ലാതെ നല്‍കിയില്ലേ? വികസന പ്രവര്‍ത്തങ്ങള്‍ ഏതെങ്കിലും നിര്‍ത്തിവേക്കേണ്ടി വന്നില്ലല്ലോ? ഇതെല്ലാം തോമസ്‌ ഐസക്കിന്‍റെ മികവല്ലേ? 

പൊളിഞ്ഞുവീഴാന്‍ പോയ പാലാരിവട്ടം പാലം സമയ ബന്ധിതമായി പുതുക്കിപ്പണിത സുധാകരന്‍!, വൈറ്റില പാലമടക്കം കേരളത്തിന്റെ വടക്കുതെക്കായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പണികഴിച്ച റോഡുകള്‍ക്കും പാലങ്ങള്‍ക്കും വല്ല കയ്യും കണക്കുമുണ്ടോ? ഇത് സുധാകരന്റെ മികവല്ലേ? ഈ സര്‍ക്കാര്‍ പോയാല്‍ വിദ്യാഭ്യാസ മേഖല ഇതുപോലെത്തന്നെ കുറ്റമറ്റതായി പ്രവര്‍ത്തിക്കുമോ? സ്കൂളുകളുടെ ഗതിയെന്താകും തുടങ്ങിയ ഉത്കണ്ഠകള്‍ കൂടി സര്‍ക്കാരിന്റെ തുടര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നാണല്ലോ വിലയിരുത്തല്‍! രവീന്ദ്രനാഥിനെ തള്ളിക്കളയാനാകുമോ? കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പവര്‍കട്ട് എന്ന വാക്ക്, ഉപയോഗിക്കാതെ അന്യംനിന്നുപോയില്ലേ? മണിയാശാന്‍ എന്താ മോശമാണോ? മൊയ്തീനല്ലേ 2 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിക്കൊണ്ട് സര്‍ക്കാരിന് ഏറ്റവുമധികം പ്രശംസ നേടിക്കൊടുത്ത ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നടത്തിപ്പുകാരന്‍? ഒരിത്തിരി പോലും അഴിമതിയുടെ പേരുദോഷം കേള്‍പ്പിക്കാത്ത ഇവരെല്ലാം പോയില്ലേ... പിന്നെ എന്താണ് കെ കെ ശൈലജക്ക് മാത്രം ഇത്ര പ്രത്യേകത? മേല്‍പ്പറഞ്ഞ ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ജനം അംഗീകാരം നല്‍കിയത് ഇടതുപക്ഷത്തിനാണ് ഏതെങ്കിലും വ്യക്തിക്കല്ല. കാപ്റ്റനും ടീച്ചറമ്മക്കും ജയ്‌ വിളിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഓടിനടന്നവര്‍ മന്ത്രിപ്പട്ടിക വന്നതോടെ കറകളഞ്ഞ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരായി മാറുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അപ്പോഴും ക്യാപ്റ്റന് ഇളവുണ്ട്.

ശരിയാണ്... നിങ്ങളിപ്പോള്‍ മാത്രം തിരിച്ചറിഞ്ഞ ഈ അരാഷ്ട്രീയത നേരത്തെ തന്നെ ഇവിടെയുണ്ട്. ഇത്തരം അരാഷ്ട്രീയ വാഴ്ത്തിപ്പാടലുകള്‍ ജനഹിതത്തെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. അത് ഏറിയും കുറഞ്ഞും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. പോപ്പുലര്‍ കലയില്‍ പ്രേം നസീര്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെയൊക്കെ പതിറ്റാണ്ടുകളായി നെഞ്ചേറ്റിയ മലയാളി, അവരുടെ പോപ്പുലര്‍ രാഷ്ട്രീയത്തില്‍ മാത്രം അങ്ങനെ ചെയ്യില്ല എന്ന് നാം പ്രതീക്ഷിക്കുന്നതിന്റെ യുക്തിയെന്താണ്?

പിണറായി മന്ത്രിസഭ അധികാരത്തില്‍ വന്ന 2016-ലെ തെരഞ്ഞെടുപ്പില്‍ 90 വയസ്സ് പിന്നിട്ട വി എസ്‌ അച്ച്ചുതാനന്ദനെ പാര്‍ട്ടി മത്സരിപ്പിച്ചത് എന്തിനായിരുന്നു? വി എസിന്റെ പോപുലാരിറ്റി കൂടി ഉപയോഗിക്കാനായിരുന്നില്ലേ ? ഇപ്പോള്‍ പിണറായി സര്ക്കാറിന് ഭരണത്തുടര്‍ച്ച കിട്ടിയത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച്, പൊടുന്നനെ മലയാളികള്‍ വീരാധന അവസാനിപ്പിച്ചതുകൊണ്ടാണോ? അതൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ...? ജനസംരക്ഷകര്‍, അന്നമൂട്ടുന്നവര്‍ തുടങ്ങി പിണറായി വിജയനും ശൈലജയ്ക്കും അരാഷ്ട്രീയമായ ചെരുവകളോടെ ലഭിച്ച രാഷ്ട്രീയ വോട്ടുകള്‍ കൂടിയാണ് ഭരണത്തുടര്‍ച്ച നല്‍കിയത്. അതുകൊണ്ടാണ് ഏറ്റവും വലിയ ഭൂരിപക്ഷം ശൈലജക്ക് ലഭിച്ചത്. പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ ഇത്തരം പോപ്പുലാരിറ്റികള്‍ ഗുണം ചെയ്യും എന്നറിയാത്തവരല്ലല്ലോ ഈ നാട്ടിലെ സിപിഎമ്മുകാര്‍. ചാലക്കുടിയില്‍ ഇന്നസെന്റിനെ നിര്‍ത്തി പി .സി ചാക്കോയെ തോല്‍പ്പിച്ചതും പാലോളിയും ഇമ്പിച്ചിബാവയും പോരാഞ്ഞ് ടി കെ ഹംസയേയും ജലീലിനെയും കൊണ്ടുവന്ന് മലപ്പുറം ജില്ലയിലെ രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കിയതും എന്ത് യുക്തിയിലായിരുന്നു? ജനചിന്തയിലെ പോപ്പുലര്‍ ഘടകങ്ങള്‍ വോട്ടായി മാറും എന്ന ഉത്തമബോധ്യം തന്നെയാണത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തി മഹാത്മൃവും വ്യക്ത്യാരാധനയും വോട്ടാകും എന്ന് നേരത്തെ അറിയാമായിരുന്നുവെങ്കിലും ആ ആശയത്തിന് ഏറ്റവും വലിയ അംഗീകാരം ലഭിക്കുന്നത് വി എസ് അച്ചുതാനന്ദനോടുകൂടിയാണ്. 'കണ്ണേ കരളേ വി എസ്സേ' ഓര്‍മ്മയില്ലേ എ കെ ജി സെന്‍ററിന് മുന്നിലിറങ്ങി അന്ന് പാര്‍ട്ടി തീരുമാനത്തിനെതിരെ ആളുകള്‍ വിളിച്ച മുദ്രാവാക്യം? ആ സംരക്ഷണ സ്വഭാവത്തിലുള്ള വ്യക്തിസ്വരൂപത്തെ മറ്റൊരു സാഹചര്യത്തില്‍ എടുത്ത് പിണറായിയെ അണിയിക്കുകയാണ് ആരാധകര്‍ ചെയ്തത്. ഈ തരത്തിലേക്ക് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പോപ്പുലര്‍ വ്യക്തിത്വമാണ് ശൈലജയുടേത്. ആ പോപ്പുലാരിറ്റി മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാരിലെ രണ്ടാംസ്ഥാനം നിര്‍ണ്ണയിക്കുന്നതിലേക്കും, വരുംകാല പാര്‍ട്ടിയിലെ ശാക്തിക ബലാബലം നിര്‍ണ്ണയിക്കുന്നതിലേക്കും വളരാനുള്ള സാധ്യത ഏറെയാണ്‌. അതുകൊണ്ട് പോന്നുകായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മേലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണം എന്ന, പോപ്പുലര്‍ യുക്തി തന്നെയാണ് പോപ്പുലര്‍ താരമായ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് വെട്ടുന്നതിലും ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ പാര്‍ട്ടിക്ക് കിട്ടിയ അംഗീകാരമാണ്, വ്യക്തികള്‍ക്ക് അതില്‍ കാര്യമില്ല, എന്ന യുക്തിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരെയും മറ്റാമായിരുന്നല്ലോ....

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More