വാഷിംങ്ടണ്‍: മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 2022 ജൂണ്‍ പതിനഞ്ചോടെ പിന്‍വാങ്ങുമെന്ന് കമ്പനി അറിയിച്ചു. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ കഴിഞ്ഞ 25 വര്‍ഷമായി ഉപഭോക്താകള്‍ക്ക് നല്കിയ സേവനമാണ് ഇതോടെ അവസാനിക്കുന്നത്.
പുതിയ വിന്‍ഡോസ് 10-ല്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് പകരം മൈക്രോസോഫ്റ്റിന്റെ തന്നെ വെബ് ബ്രൌസറായ എഡ്ജായിരിക്കും ഉണ്ടാവുക. ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെക്കാള് വേഗമേറിയതും, സുരക്ഷിതവും ആധുനികവുമാണ് എഡ്ജെന്ന് മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജര്‍ സാന്‍ ലിന്‍ഡെര്‍സെ വ്യക്തമാക്കി. എക്സ്പ്ലോററിലെ ചില പ്രധാന ഫീച്ചറുകള്‍ കമ്പനി കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചിരുന്നു. നിയന്ത്രിത ഫീച്ചറുകളുമായാണ് എക്സ്പ്ലോറര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
വിന്‍ഡോസ് 95-ലാണ് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്റെര്‍നെറ്റ് എക്സ്പ്ലോററിനെ അവതരിപ്പിച്ചത്. 2000- ത്തോടെ വെര്‍ച്ച്വല്‍ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ ഇന്റെര്‍നെറ്റ് എക്സ്പ്ലോററിന് കഴിഞ്ഞു. 2002-ല്‍ 95 ശതമാനം വിപണി ഈ ബ്രൌസര്‍ കീഴടക്കി.
കൂടുതല്‍ വേഗമേറിയ വെബ് ബ്രൌസറുകള്‍ പുറത്ത് വന്നതോടെ ഇന്റെര്‍നെറ്റ് എക്സ്പ്ലോററിന്റെ തളര്‍ച്ചക്ക് തുടക്കമായി. 2010-ല്‍ ഇതിന്റെ ഉപയോഗം 50 ശതമാനമായി കുറയുകയും ഇപ്പോള്‍ അഞ്ചു ശതമാനത്തില്‍ താഴെയെത്തുകയും ചെയ്തു. ഇപ്പോള്‍ ഉപയോഗത്തില്‍ മുന്നില്‍ നില്കുന്നത് ഗൂഗിളിന്റെ വെബ് ബ്രൌസറായ ക്രോമാണ്. 69 ശതമാനമാണ് വിപണിയിലെ ഉപയോഗം.