വാഷിംഗ്ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ ലോഗോയില്‍ മാറ്റം വരുത്തി സി ഇ ഒ ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ പ്രശസ്തമായ 'ബ്ലൂ ബേര്‍ഡ്' ലോഗോ മാറ്റി നായയുടെ (ഡോഗ് മീം) ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഡോഗ് കോയിന് എന്ന ക്രിപ്റ്റോ കറന്‍സിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോൺ മാസ്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഷിബ ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീമാണ്.
ലോഗോ മാറ്റിയതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്ക് രസകരമായ ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്. പുതിയ ലോഗോയിലെ നായ കാറില്‍ പോകുമ്പോള്‍ പോലീസ് ലൈസന്‍സ് പരിശോധിക്കുന്നു. തുടര്‍ന്ന് ഡ്രൈവിങ് ലൈസൻസിലുള്ള ‘നീലക്കിളി’യുടെ ചിത്രം പഴയതാണ് എന്ന് പറയുന്ന കാർട്ടൂണാണ് ഇലോണ്‍ മസ്ക് പങ്കുവെച്ചിരിക്കുന്നത്.
ചരക്കുകൾക്കുള്ള പേയ്മെന്റായി ടെസ്ല ഡോഗ്കോയിനെ സ്വീകരിക്കുന്നുവെന്നും സ്പേസ് എക്സ് ഉടൻ തന്നെ ഇതാരംഭിക്കുമെന്നും മസ്ക് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മസ്കിന്റെ പുതിയ നീക്കം. മസ്ക് ട്വിറ്റർ ഏറ്റെടുത്തതു മുതൽ നിരവധി മാറ്റങ്ങളാണ് സൈറ്റിൽ വരുത്തിയത്. അക്കൗണ്ടുകൾക്ക് വേരിഫെയ്ഡ് ടിക് കിട്ടാന്‍ പെയ്മെന്റ് സംവിധാനം കൊണ്ടുവന്നു. കൂടാതെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരവധി ജോലിക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു.