സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്ത ബ്ലൂ ടിക്ക് വെരിഫിക്കേഷന് തിരിച്ചെത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സല്മാന് ഖാന്, ഷാറൂഖ് ഖാന്, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, വിരാട് കോഹ്ലി തുടങ്ങി നിരവധിയാളുകള്‍ക്ക് കഴിഞ്ഞ ദിവസം ബ്ലു ടിക് നഷ്ടമായിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വെരിഫിക്കേഷന് മാര്‍ക്കായ ബ്ലൂ ടിക്ക് തിരികെ വന്നിരിക്കുന്നത്.
വ്യാജന്മാര് പേര് സ്വന്തമാക്കാതിരിക്കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ട്വിറ്റര്‍ നല്‍കിവന്ന സുരക്ഷാ മുദ്രയാണ് ബ്ലു ടിക്. സെലിബ്രിറ്റി അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ ഉപയോക്താകള്‍ക്കായി ബ്ലൂ ടിക്ക് വെരിഫിക്കേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇലോണ്‍ മസ്ക് ചുമതലയേറ്റതിന് ശേഷം ട്വിറ്റര്‍ ബ്ലൂ എന്ന പേരില്‍ പുതിയൊരു സബ്സക്രിപ്ഷന് പ്ലാന്‍ അവതരിപ്പിക്കുകയും അതിന്റെ ഭാഗമാവുന്നവര്‍ക്കെല്ലാം ബ്ലൂ വെരിഫിക്കേഷന് നല്‍കുകയും ചെയ്തു. ഇപ്പോള്‍ ബ്ലൂ ടിക്ക് തിരികെ എത്തിയ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന് എടുത്തിട്ടുണ്ടെന്നാണ് അക്കൗണ്ടുകളിലെ ബ്ലൂ ടിക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പോപ് അപ് മെസ്സേജില്‍ നിന്നും വ്യക്തമാകുന്നത്.