ഡല്‍ഹി: ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പാസ് വേഡ് വേണ്ടന്ന് ഗൂഗിള്‍. പാസ്കീ എന്ന പുതിയ സംവിധാനത്തിലൂടെ അതിവേഗം ലോഗിൻ ചെയ്യാം. നിലവിൽ പാസ്വേഡ് ഓർമിച്ചുവയ്ക്കാൻ സംവിധാനങ്ങളുണ്ടെങ്കിലും അത്ര സുരക്ഷിതമല്ല. എന്നാൽ പാസ്കീ കൂടുതൽ സുരക്ഷിതമാണ്. ഇതു ഹാക്ക് ചെയ്യാന്‍ സാധ്യമല്ല. സ്ഥിരമായി ഉപയോഗിക്കുന്ന സ്വന്തം ഉപകരണങ്ങളില്‍ മാത്രമേ പാസ് കീ സംവിധാനം പ്രവര്‍ത്തന ക്ഷമമാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ഒരാളുടെ വിരലടയാളം, മുഖം അല്ലെങ്കില്‍ ഏതെങ്കിലും സ്ക്രീൻ ലോക് പിൻ തുടങ്ങിയവ സ്കാൻ ചെയ്ത് അക്കൗണ്ടിലേക്കു പ്രവേശിക്കുന്ന രീതിയെയാണ് പാസ്കീ എന്ന് വിളിക്കുന്നത്. തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് പാസ്കീ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായി 2022-ൽതന്നെ ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ ആ പ്രഖ്യാപനം ഗൂഗിൾ നടപ്പാക്കിയിരിക്കുകയാണ്.
വളരെ എളുപ്പത്തിൽ ഉപയോക്താക്കൾക്ക് പാസ്കീ സൃഷ്ടിക്കാൻ കഴിയും. ഇതിനായി ഇ -മെയിൽ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണുന്ന മാനേജ് യുവർ ഗൂഗിൾ അക്കൗണ്ട് എന്ന ഓപ്ഷനിലേക്ക് പോകുക. തുടർന്ന് സെക്യൂരിറ്റി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇവിടെ ഓട്ടോമാറ്റിക്കായി സൃഷ്ടിച്ച പാസ്കീകളുടെ ഒരു ലിസ്റ്റ് കാണാം. അതിന്റെ ഏറ്റവും താഴെയായി പാസ്കീ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. അതിൽ ടാപ്പ് ചെയ്യുമ്പോൾ ഡിവൈസ് പിൻ അല്ലെങ്കിൽ ബയോമെട്രിക്സ് ആവശ്യപ്പെടും. അത് നൽകി പാസ്കീ സെറ്റ് ചെയ്യാവുന്നതാണ്.
ഓരോ പാസ്കീയും അതാത് ഉപകരണങ്ങളിൽ സേവാകും. അക്കൗണ്ട് സൈൻ ഔട്ട് ചെയ്തിട്ട് അതേ ഉപകരണത്തിൽ ലോഗിന്‍ ചെയ്യാൻ പാസ്വേഡിന്റെ ആവശ്യമില്ല. ഫോൺ അൺലോക് ചെയ്യാൻ ഉപയോഗിക്കുന്ന പാറ്റേൺ/നമ്പർ ലോക്, ഫെയ്സ്/ഫിംഗർ ഡിറ്റക്ഷൻ മതിയാകും.