വാഷിംഗ്ടണ്‍: ട്വിറ്ററിന്റെ പുതിയ സി ഇ ഒ ആയി ലിന്‍ഡ യാക്കരിനോ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ എന്‍.ബി.സി യൂനിവേഴ്സല്‍ എക്സിക്യുട്ടീവാണ് ലിന്‍ഡ യാക്കരിനോ. ആറാഴ്ച്ചക്കകം പുതിയ സി ഇ ഒ ചുമതലയേല്‍ക്കുമെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദേഹം പേര് പ്രഖ്യാപിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പേര് പുറത്തുവിട്ടത്.
ട്വിറ്ററിന്റെ സി ഇ ഒ പദവി ഒഴിയുകയാണ് എന്ന് പ്രഖ്യാപിച്ച ഇലോണ്‍ മസ്ക് ട്വിറ്ററിന് പുതിയ സി ഇ ഒ യെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്നും ട്വീറ്റ് ചെയ്തു. അവള് ആറാഴ്ച്ചക്കകം ചുമതലയേല്‍ക്കും എന്നായിരുന്നു മസ്കിന്റെ ട്വീറ്റിന്റെ ഉള്ളടക്കം. എന്നാല്‍ ലിന്‍ഡ യാക്കരിനോ ട്വിറ്ററിലെത്തുന്ന വാര്‍ത്തയോട് എന്‍.ബി.സി യൂനിവേഴ്സല്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തത്.
ട്വിറ്റര്‍ ഏറ്റെടുത്തത്തിനു പിന്നാലെ അന്നത്തെ സി ഇ ഒ പരാഗ് അഗര്‍വാളിനെ പുറത്താക്കുകയാണ് ഇലോണ്‍ മസ്ക് ചെയ്തത്. തുടര്‍ന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും നിലവിലുള്ളവരുടെ അവധി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്വിറ്റര്‍ പോലൊരു സാമൂഹ്യമാധ്യമം നടത്തിക്കൊണ്ടുപോകല്‍ അത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ ഇലോണ്‍ മസ്ക് പറ്റിയ ഒരാള്‍ വന്നാല്‍ കൈമാറാന്‍ തയാറാണ് എന്ന് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.