വാർത്ത എഴുതും മുന്‍പ് ഭക്തിയോടെ 'വിജയഗോവിന്ദ'മന്ത്രങ്ങൾ ചൊല്ലണം - ആസാദ്‌ മലയാറ്റില്‍

വാർത്ത എഴുതും മുന്‍പ് ഭക്തിയോടെ 'വിജയഗോവിന്ദ'മന്ത്രങ്ങൾ ചൊല്ലണമെന്ന് ആസാദ്‌  മലയാറ്റില്‍. സത്യം ഉരച്ചുനോക്കുന്ന ഉരകല്ല് തലസ്ഥാനത്തെ പഠന ഗവേഷണ കേന്ദ്രത്തിലുണ്ട്. കേരളത്തിൽ അത് മറ്റൊരിടത്തുമില്ല. നോട്ടുകളെണ്ണുന്ന യന്ത്രംപോലെ ആർക്കും വാങ്ങാവുന്ന ഒന്നല്ല അത്. ആ കല്ലിലുരച്ചേ വിജയനും വിജയ വിജയരാഘവ ജയരാജന്മാരും ഗോവിന്ദനും ശിഷ്യരും മാദ്ധ്യമങ്ങളെ സ്വീകരിക്കാറുള്ളുവെന്നും ആസാദ്‌ മലയാറ്റില്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

വാർത്ത സത്യസന്ധമായിരിക്കണമെന്ന് ഇപ്പോൾ ഞങ്ങളുടെ പാർട്ടിക്ക് ബോധോദയം വന്നിട്ടുണ്ട്. സത്യം ഉരച്ചുനോക്കുന്ന ഉരകല്ല് തലസ്ഥാനത്തെ പഠന ഗവേഷണ കേന്ദ്രത്തിലുണ്ട്. കേരളത്തിൽ അത് മറ്റൊരിടത്തുമില്ല. നോട്ടുകളെണ്ണുന്ന യന്ത്രംപോലെ ആർക്കും വാങ്ങാവുന്ന ഒന്നല്ല അത്. ആ കല്ലിലുരച്ചേ വിജയനും വിജയ വിജയരാഘവ ജയരാജന്മാരും ഗോവിന്ദനും ശിഷ്യരും മാദ്ധ്യമങ്ങളെ സ്വീകരിക്കാറുള്ളു.

സത്യം സ്വർണപാത്രംകൊണ്ട് മൂടാമോ? സ്വർണപ്പരസ്യംകൊണ്ടല്ലേ വേണ്ടത്? അതിനു നിരക്കുന്ന നയമെടുക്കുമ്പോൾ അടിയോടെ മാന്തണം ചിലർക്ക്. അതിനാൽ അറിഞ്ഞേതീരൂ. ആ അവാസ്തവങ്ങൾ എവിടെനിന്ന് കിട്ടി ഇവറ്റകൾക്ക്? സത്യം ഞങ്ങളുടെ കൈവശം തിളക്കത്തോടെ ഇരിപ്പല്ലേ?  സത്യം എന്ന പേരിൽ ഇവറ്റ എഴുന്നെള്ളിക്കുന്നത് എവിടന്നു കിട്ടിയ അറിവാണ്? 

ഞങ്ങൾക്കുമില്ലേ പത്രവും ചാനലും? സത്യമല്ലാതെ വല്ല വാർത്തയും വന്നിട്ടുണ്ടോ? വിഴിഞ്ഞത്തെ കലാപകാരികളെപ്പറ്റി ഞങ്ങളല്ലാതെ ആരെഴുതി? ആന്തൂർ സാജന്റെ വീടരുടെ ഫോൺ ഉപയോഗത്തെപ്പറ്റി എത്ര ക്ലേശിച്ചാണ് സത്യവാർത്ത ഞങ്ങൾ കണ്ടെത്തിയത്? ടി പി കേസിൽ തുടർച്ചയായ സത്യാന്വേഷണ പരീക്ഷകളല്ലായിരുന്നോ?  ഞങ്ങളൊഴികെ എല്ലാവരും കേരളത്തിൽ അക്രമികളാണെന്ന സത്യം ഞങ്ങളുടെ പത്രമല്ലാതെ ആരെഴുതി? തീവ്രവാദികളായ അക്രമികളെ നേരിട്ടപ്പോൾ നിങ്ങൾ വ്യാജഏറ്റുമുട്ടൽ കൊലകൾ എന്നല്ലേ എഴുതിയത്? വാളയാറിലെ പെൺകുട്ടികളുടെ കേസിൽ ഇൻസ്പെക്ടർ സാജനെ ഞങ്ങൾ ആദരിച്ചപ്പോൾ അയാളെ പോക്സോ കേസിൽ പെടുത്തണമെന്നല്ലേ നിങ്ങൾ എഴുതിയത്? തിരുവനന്തപുരത്ത് ഒരച്ഛന്റെ മാനം കാക്കാൻ കുഞ്ഞിനെ കൈമാറിയ മനുഷ്യത്വപരമായ നിലപാടിനെ കുട്ടിക്കടത്ത് എന്നു വിളിച്ചവരല്ലേ നിങ്ങൾ?  സത്യങ്ങൾക്കു നേരെ മുഖം തിരിക്കുന്ന മറ്റു മാദ്ധ്യമങ്ങൾക്ക് സത്യത്തിന്റെ വഴി കാണിച്ചു കൊടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

മാദ്ധ്യമ സ്വാതന്ത്ര്യം സത്യം പറയാനുള്ള സ്വാതന്ത്ര്യമാണെന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തുന്നു. വാർത്ത എഴുതുംമുമ്പ് ഞങ്ങളെ വിളിക്കൂ. അത് ഈ ഉരകല്ലിലുരയ്ക്കൂ. ഭക്തിയോടെ വിജയഗോവിന്ദമന്ത്രങ്ങൾ ചൊല്ലണം. സൈബർനടകളിലുരുളണം. അല്ലാതെ എഴുതുന്ന ഓരോ വാക്കിന്റെയും പൊരുൾ ഞങ്ങൾ തിരക്കും. ഞങ്ങളുടെ പൊലീസ്, ഞങ്ങളുടെ ഗസ്റ്റപ്പോ.

അപ്പോൾ പറയണം. ജയചന്ദ്രാ കേരളാ മിനറൽസിലെ വാർത്ത സത്യമാണെന്ന് തെളിയിക്കണം. അതിനു വാർത്തയുടെ ഉറവിടത്തോളം പോണം. ഞങ്ങളും വരാം. ആരാരിലൂടെ വന്നു വാർത്ത? അഖിലയുടേത് ലൈവ് പ്രക്ഷേപണമായത് നന്നായി. അതുകൊണ്ടു മനസ്സിലായല്ലോ ഉറവിടം. കെ എസ് യുക്കാരന്റെ വാക്ക് മുഖവിലക്കെടുക്കാൻ അഖില ഏതു കാലത്താണ് ജീവിക്കുന്നത്? പഴയ കെ എസ് യു ബാധ ഇളകിയതാവാനല്ലേ തരമുള്ളു. ഞങ്ങളുടെ കേന്ദ്രത്തിൽ രഹസ്യമായി സൂക്ഷിച്ച മറ്റൊരു ഉപകരണത്തിൽ സത്യമെല്ലാം തെളിഞ്ഞുവരും കുട്ടീ. അതുകൊണ്ട് ബലം പിടിക്കേണ്ട. സത്യാന്വേഷണത്തിൽ സഹകരിക്കുന്നതാണ് നല്ലത്. ഞങ്ങളുടെ സത്യം പറയലാണ് നിങ്ങളുടെ മാദ്ധ്യമാവകാശം. അതത്രെ മാദ്ധ്യമ സ്വാതന്ത്ര്യം.

വാർത്തകളുടെ ഉറവിടം അന്വേഷിക്കാൻ പോയാൽ ഒരു കക്കയം ക്യാമ്പും കഥ പറയുമായിരുന്നില്ല, ഒരു വിഷവൃക്ഷവും വേരുകാട്ടി നഗ്നമാവുമായിരുന്നില്ല എന്നൊക്കെ നിങ്ങൾ വാദമുഖങ്ങൾ ഉയർത്തുമെന്ന് ഞങ്ങൾക്കറിയാം. അത്തരം ദുർവൃത്തികൾ ചെയ്തവരെയെല്ലാം ഞങ്ങൾ എന്നേ പുറത്താക്കിയിട്ടുണ്ട്. അകറ്റി നിർത്തിയിരുന്ന പരസ്യങ്ങളെ ഞങ്ങൾ സ്വീകരിച്ചല്ലോ. പരമമായ സത്യം പണമാണ്. സാത്വികർ രവിപിള്ളയും യൂസഫലിയും അദാനിയും സാന്റിയാഗോ മാർട്ടിനും ഫാരീസ് അബൂബക്കറും  ഒക്കെയാണ്. സത്യത്തിന്റെ ഏജൻസികൾ ലാവ്ലിൻ മുതൽ പ്രസാരിയോ വരെ. സത്യത്തിന്റെ വിളനിലം ടൈംസ്ക്വയർ. സത്യത്തിന്റെ ധനനിലം ലോകബാങ്ക്. സത്യമണി ലണ്ടനിലെ സ്റ്റോക് എക്സ്ചേഞ്ച്. സത്യവൃത്തി മുതലാളിത്ത വികസനം. സത്യവാർത്ത കൈരളി. സത്യത്തിന്റെ പത്രം ദേശാഭിമാനി.

സത്യമെങ്ങിരിക്കുന്നു എന്ന് പണ്ഡിതരേ അന്വേഷിച്ചു വലയേണ്ട. സത്യം സുരക്ഷിതമാണ്. അത് ആരുടെയും കണ്ണിലും വാക്കിലും കളങ്കപ്പെടാതെ ഞങ്ങൾ സൂക്ഷിക്കും. അതിനല്ലേ അധികാരം? അതിനല്ലേ ഗസ്റ്റപ്പോ?

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More