സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകിരിച്ചു. ചെന്നൈയിൽ നിന്ന് എറണാകുളത്ത് എത്തിയ ആളാണ് രോഗി. ഇയാള്‍ക്ക് വൃക്ക സംബന്ധമായ അസുഖവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതേസമയം, പത്തുപേര്‍കൂടി ഇന്ന് സംസ്ഥാനത്ത് രോഗമുക്തരായി. എല്ലാവരും കണ്ണൂര്‍ ജില്ലക്കാരാണ്. സംസ്ഥാനത്ത് ആകെ 16 പേര് മാത്രമാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 503 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് മാത്രം 125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20,157 പേര് നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് 33 ഹോട്സ്പോട്ടുകളാണുള്ളത്. 'കേരളം വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്തുന്നതിൽ വലിയ തോതിൽ വിജയിച്ചു. മൂന്നാം ഘട്ടത്തെ നേരിടാന്‍ സജ്ജമാണ്. ഇനിയുള്ള നാളുകള്‍ പ്രധാനം. കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും ഇരിക്കണം' എന്ന് മുഖ്യമന്ത്രി പറഞ്ഞു. 20157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19810 പേര് വീടുകളിലും 347 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 35856 സാംപിളുകൾ പരിശോധിച്ചതിൽ 35355 എണ്ണം നെഗറ്റീവായി.