ഹലാലും സിനിമയും പിന്നെ പ്രണയവും - പ്രൊഫ. പി. കെ. പോക്കര്‍

ഹലാൽ എന്നത് ഒരു അറബി പദമാണെങ്കിലും 'ഗുരു' എന്ന പദം പോലെ അതിപ്പോൾ ആഗോള പദസഞ്ചയത്തിന്റെ ഭാഗമാണ്. കമ്മ്യൂണിസ്റ്റു ചൈനയുടെ ഹൃദയ ഭാഗമായ ബെയ്‌ജിങ്ങിലെ ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഇത് “ഹലാൽ അല്ല" എന്ന് ഒരിനം മാംസ ഭക്ഷണത്തിനടുത്ത് എഴുതിവെച്ചത് എന്നെ അമ്പരപ്പിച്ചിരുന്നു. ഇപ്പോൾ ആദ്യമായാണ് ഒരുപക്ഷെ സിനിമയുടെ കാര്യത്തിൽ ഹലാൽ ഉപസർഗ്ഗമായി വരുന്നത്. സിനിമയിലുടനീളം മുസ്ലിംകൾക്കിടയിൽ വിശ്വാസകേന്ദ്രിതമായും സദാചാരപരമായും നിലനിന്ന വിലക്കുകൾ ആണ് ഈ സിനിമയിൽ അപനിര്മിക്കുന്നത് മുസ്ലീങ്ങള്‍ എന്നതിലുപരി ഒരു മുസ്ലിം പ്രസ്ഥാനമാണ് ഇതിന്റെ ഇതിവൃത്തത്തിൽ പ്രാമുഖ്യം നേടുന്നത്. ഈ സിനിമയുടെ പരിമിതിയും സാധ്യതയും ഇതുതന്നെയാണ്. 

മുസ്ലിം സമുദായത്തെയോ, ഇസ്ലാമിനെയോ അല്ല ഇതിൽ പ്രശ്നവത്കരിക്കുന്നത്. സപ്തംബര്‍ 9/11 ഓർമിപ്പിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. തുടർന്ന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളിലൂടെ അതിന്റെ സാംസ്‌കാരിക വിഭാഗത്തിന്റെ മീറ്റിംഗിലൂടെ സാവകാശം ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ചില വിശ്വാസ / സദാചാര പ്രശ്നങ്ങളിലേക്ക് കടക്കുകയാണ്. പതിവ് സിനിമാ പ്രമേയങ്ങളിൽ നിന്നും വിഭിന്നമായി വിശ്വാസ കേന്ദ്രിത സദാചാര വിലക്കുകളെ പ്രശ്നവത്കരിക്കുന്നത് വരുംകാല സംവാദങ്ങൾക്ക് ഇടം നൽകിയേക്കാം. സദാചാര വിലക്കുകൾ പുറത്തും അകത്തു എപ്പോഴും പ്രവർത്തിക്കുന്നുണ്ട്. വിശ്വാസം മാത്രമല്ല അതിൽ പ്രവർത്തിക്കുന്നത്. ബോധ/ അബോധ മണ്ഡലങ്ങളിൽ മനുഷ്യരെ അസ്വസ്ഥപ്പെടുത്തുന്ന ലൈംഗീക ഉത്കണ്ഠകളും ഇൻഹിബിഷൻസും ആഗോള യാഥാർഥ്യമാണ്. 

കൂട്ടംതെറ്റി നടക്കുന്നവരെ ചെന്നായ പിടിക്കുമെന്നു ഭയമുള്ളവർക്കു പറഞ്ഞതല്ല സാമൂഹ്യ പരിഷ്കരണം. സിനിമയുടെ നിർമ്മാണ കാര്യത്തിൽ യഥാർത്ഥത്തിൽ പരിഷ്കർത്താക്കളുടെ ആവശ്യമൊന്നും ഇല്ല. കാരണം ഉല്പാദന ഉപകരണങ്ങളുടെ വികാസത്തോടൊപ്പം ഉയർന്നുവന്ന ഒരു കലാ വ്യവസായമാണ് സിനിമാ മേഖല. ആധുനിക ചികിത്സപോലെ ആധുനിക കലാരൂപമായ സിനിമയും പ്രത്യേകം പ്രോത്സാഹനമോ, പിന്തുണയോ ഇല്ലാതെ വളരും. പിന്തുണ വേണ്ടത് ഉള്ളടക്കത്തെ വിപണി മൂല്യങ്ങളിൽ നിന്നും മോചിപ്പിക്കാനും ആ നിലയിൽ നല്ല സിനിമ ഉണ്ടാക്കാനുമാണ്.

ഭക്തിയിൽ ആറാടി ജീവിച്ച ഒരു സുന്നി വീട്ടിൽ നിന്ന് ഞാൻ പതിമൂന്നാം വയസ്സിൽ കടമുറ്റത്തു കത്തനാർ എന്ന നാടകവും, സത്യഭാമ എന്ന സിനിമയും കണ്ടിരുന്നു. പിന്നീട് എൺപതുകളിൽ ഒരു ഫിലിം സൊസൈറ്റി നടത്തുകയും ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ ആയിഷ അനുഭവിച്ച കഷ്ടതകളൊന്നും ചുരുങ്ങിയത് നാലു പതിറ്റാണ്ടുകളായി മുസ്ലിം സമുദായത്തിൽ പിറന്നത് കൊണ്ട് മാത്രം ഒരാൾ അനുഭവിക്കുന്നില്ല. കേരളിയ പൊതുമണ്ഡലത്തിൽ നിലമ്പൂർ ആയിഷയെ പോലുള്ളവർ ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങൾ തുറന്നുവെച്ച വാതിലുകൾ ഇപ്പോഴും ഇവിടെ നിലനില്കുന്നതിനാലാണ് ഹലാല്‍ സിനിമയുടെ അണിയറ പ്രവർത്തകർക്കുപോലും ഇതിനെല്ലാമുള്ള ഊർജവും തന്റേടവും ഉണ്ടായത്.

ഏതൊരു പ്രസ്ഥാനത്തിനകത്തും തിരുത്തലുകൾ ഉണ്ടാവുന്നത് നല്ലതാണ്. അതിനകത്ത് രൂപപ്പെടുന്ന ജൈവ ബുദ്ധിജീവികൾ സ്വാഭാവികമായും ചിന്തയെ വിപുലീകരിക്കും. അത്തരത്തിലുള്ള സംഘടനകൾക്കകത്തു സാമ്പ്രദായിക ബുദ്ധിജീവികളും ( traditional intellectuals ) ജൈവ ബുദ്ധിജീവികളും ( organic intellectuals ) തമ്മിൽ നടക്കുന്ന സംവാദമാണ് ഈ സിനിമയെ സാധ്യമാക്കുന്നത്.

“ആ ബസ്സിൽ നിന്ന് ഇങ്ങ് ഇറങ്ങിക്കോ”എന്ന ധീരമായ ഉപദേശം നൽകുന്നത് സ്ത്രീയാണ് എന്നത് ശ്രദ്ധേയമാണ്. കാരണം പുതിയകാലത്ത് ധീരമായി മാറ്റങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും സ്ത്രീകളാണല്ലോ. സിനിമയിലെ സ്ത്രീകൂട്ടായ്മ ( Women collective ) രൂപീകരിക്കപ്പെടുന്നതുവരെ സ്ത്രീകൾ സിനിമാ വ്യവസായത്തിൽ അനുഭവിച്ച പീഡനങ്ങളും പ്രാന്തവത്കരണങ്ങളും അർഹിക്കും വിധം ആരും പുറത്തു പറഞ്ഞിരുന്നില്ല. ബസ്സിൽ നിന്നും ഇറങ്ങിയാൽ ചെന്നായ പിടിക്കുമോ എന്ന ഭയം കേരളത്തിലെ മുസ്ലിംകളിൽ വളരെ ചെറിയ സാന്നിധ്യമുള്ള ജമാഅത്തെ ഇസ്ലാമി അനുഭാവിയായവർക്കുണ്ടോ എന്നതാണ് പ്രശനം. ജമാഅത്തിനകത്തു വളർത്തപ്പെടുന്ന ഒരാളിൽ ഉണ്ടാക്കപ്പെടുന്ന ആകുലതകളും സന്നി ഗ്ധതകളും എത്രമാത്രമുണ്ടെന്നു ബോധ്യപ്പെടുത്തുന്നതിലൂടെ കേരളീയ മുസ്ലിം ജീവിതത്തിലുപരി ജമാഅത്തെ ഇസ്ലാമിയെ അപനിര്‍മ്മിക്കുന്നതിലാണ് സിനിമ കേന്ദ്രീകരിക്കുന്നത്.

Being for others അഥവാ മറ്റുള്ളവരുടെ മുന്നിലെ മനുഷ്യൻ ആയി മാറുന്ന ദുർവിധി ( bad faith) 

സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ ( ജന്നത്തുൽ ഫിർദൗസിൽ ) ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയിൽനിന്ന് നേരെ കാമറ പാരഡൈസ് ബാറിലേക്കാണ് പോകുന്നത്. ബാറിലെത്തുമ്പോൾ റഹീം സാഹിബ് ഉത്കണ്ഠപ്പെടുന്നത് “നമ്മളിവിടുന്നെങ്ങാൻ മരിച്ചു പോയാലോ “ എന്നാണ്. ശരിക്കും ഇതൊരു അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഒരേസമയം മുസ്ലിം വിശ്വാസിയുടെയും അല്ലാത്തവരുടെയും പ്രശ്നമാണ്. മദ്യം കുടിക്കാൻ ഉദ്ദേശിക്കാത്തവർ പിന്നെന്തിനു ഭയപ്പെടണം. ദൈവത്തെ മാത്രമാണ് ഭയക്കുന്നതെന്നു പറയുമെങ്കിലും സംഘടനയെയോ, സമൂഹത്തെയോ ആണ് മിക്കവാറും മനുഷ്യർ ഭയക്കുന്നത്.  

സംഘടനാ അംഗമല്ലാത്തതിനാൽ അഭിനയിക്കാൻ സമ്മതിക്കാത്ത സ്ത്രീയും, സംഘടനാ നേതാവ് അഭ്യര്ഥിക്കുമ്പോൾ സമ്മതിക്കുന്ന സ്ത്രീയുമായി മുസ്ലിം സ്ത്രീകൾക്കിടയിൽ രൂപപ്പെടുന്ന ദ്വന്ദം നൽകുന്ന സൂചന എന്താണ്. നല്ലതിനായാലും ചീത്ത കാര്യത്തിനായാലും സംഘടനയുടെ കള്ളിയിൽ നിൽക്കുക. ഫണ്ടില്ലെങ്കിലും സമ്മതം കിട്ടിയല്ലോ എന്ന ആശ്വാസം. ഒരു കാഡർ സംഘടനയുടെ ആഭ്യന്തര സംഘര്ഷങ്ങള്‍ അനാവൃതമാകുന്നത് മറ്റാരേക്കാളും ആ സംഘടനയെയാണ് ബാധിക്കുക. അതോടൊപ്പം കള്ളിയിൽ വരക്കാത്തതാണ് കലയെന്നും, മുൻവിധികൾ ഇല്ലാതെയാണ് പ്രണയം കിളിർക്കുകയെന്നും അതുകൊണ്ടുതന്നെ സിനിമ, സംഘടന എടുത്താലും അത് സംഘടനയെ ( അത് ഏത് സംഘടന ആയാലും ) അവരുടെ സമ്മതമില്ലാതെ മറികടക്കുമെന്നും നമുക്ക് കാണാൻ കഴിയുന്നു.   

നടീനടന്മാർക്ക് പരിശീലനം കൊടുക്കുമ്പോൾ ട്രെയ്നർ ( പാർവതി ) നൽകുന്ന പ്രധാന ഉപദേശം ‘സ്വന്തത്തോട് ‘അതായതു നാം നമ്മോട് തന്നെ നടത്തുന്ന ‘കലാപമായിരിക്കണം ‘ അഭിനയമെന്നാണ്. അങ്ങിനെ നടത്തുന്ന കലാപത്തിൽ സ്വയം അകപ്പെട്ട ചതിക്കുഴികൾ, കാപട്യങ്ങൾ, വരച്ചുവെച്ച അതിരുകൾ എല്ലാം തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യുന്നു. പ്രണയമാണ് ദാമ്പത്യത്തിന്റെ മാനദണ്ഡമാകേണ്ടതെന്നും പരസ്പരം ചതിച്ചും ഒളിച്ചും ജീവിക്കുന്ന പരിസരമാണ് ഉല്ലംഘിക്കേണ്ടതെന്നും ഈ നായകനാന്തര ( പോസ്റ്റ് ഹീറോ ) സിനിമ പറഞ്ഞും പറയാതെയും നമ്മെ ഓർമിപ്പിക്കുന്നു. ട്രൈനർ ആയി വരുന്ന കഥാപാത്രം ( പാർവതി ) ഒരു മീൻ കച്ചവടക്കാരന്റെ മകളാണെന്ന്‌ അഭിമാനത്തോടെ പറയുന്നുണ്ട്. അത് തീർച്ചയായും മുഖ്യധാരാ തറവാടിത്വത്തെ ഒന്ന് ഇളക്കാനും പൊളിക്കാനുമുള്ള പ്രയോഗമാണ്. അടിത്തട്ടിൽ നിന്നാണ് ശരിയായ പ്രതിരോധം / കൂവലുകൾ വരേണ്ടതെന്ന രചയിതാവിന്റെ കാഴ്ചപ്പാടുണ്ട് ഇതിൽ. ആ പരിശീലനക്കളരിയാണ് മൊത്തത്തിൽ ഒരു ഇളകിയാട്ടം ഉണ്ടാക്കുന്നത്. ചെറുകാടിനോട് പുഴയിൽ കുളിക്കുമ്പോൾ ഒരു തിയ്യക്കുട്ടി കവിതയെഴുതിയത് അറിഞ്ഞോ എന്ന് ഒരാൾ ചോദിക്കുന്നുണ്ട്. കീഴാളർ ഇളകുമ്പോഴാണ് സമൂഹം കലയിലായാലും ജീവിതത്തിലായാലും ഒന്ന് ഇളക്കുക. മീൻകാരന്റെ മകള്‍ എല്ലാവരെയും ഇളക്കി, മനസിനെ അനാവരണം ചെയ്ത ഭർത്താവിന്റെ കാപട്യം ഒരു ഫ്രീ അസോസിയേഷനിൽ എന്നോണം ഭാര്യ ഓർത്തെടുത്തു. അതിൽപ്പിന്നെ അവർക്കിടയിൽ കാപട്യത്തിന്റെ ഭിത്തി ഇളകി.

അവരുടെ അഭിനയത്തിൽ പുതിയ അധ്യായം തുടങ്ങാൻ അവർ അതൊരവസരമാക്കി. ശരീരത്തെ കാണുന്നതും, കാട്ടുന്നതും ജമാഅത്തുകാരുടെ മാത്രം പ്രശ്നമല്ല. എന്നാൽ മറ്റുള്ളവർക്കുള്ള ആന്തര നിരോധത്തേക്കാൾ ( inhibitions ) അവർക്ക് സംഘടനയെക്കൂടി ഭയക്കണം. 'എത്രത്തോളം കാണാം എന്നതല്ല എത്രത്തോളം കാട്ടാം' എന്നതാണ് പ്രശനം. കുട്ടികൾ കാണുന്നതും കാട്ടുന്നതും എന്തായിരിക്കണമെന്ന് യു ട്യൂബ് നിർണയിക്കുന്ന ഇക്കാലത്ത് ഇത്തരമൊരു പ്രതിസന്ധി തീർച്ചയായും ഒരു പ്രസ്ഥാനത്തിനകത്ത് നിൽക്കുന്നവർക്ക് മാത്രമായിരിക്കണമെന്നില്ല. 

എങ്കിലും മതകീയ വിലക്കുകളുടെ തടവറയിൽ അകപ്പെട്ടവർക്ക് ഇതൊരു മാനസികമോ, ധാർമികമോ ആയ പ്രശ്നം മാത്രമല്ല. അതിനേക്കാളൊക്കെയുപരി സദാ ഹോണ്ട് ( haunt) ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശ്നമാണ്. അങ്ങിനെ നോക്കുമ്പോൾ ഈ സിനിമ ഗൗരവമായ ഒരു സാംസ്‌കാരിക ഇടപെടൽ കൂടിയാണ്. എങ്കിലും അതോടൊപ്പം അവരകപ്പെട്ട പ്രസ്ഥാനത്തെ അപനിർമിച്ചും, സന്നിഗ്ധതകൾ അവതരിപ്പിച്ചും രചയിതാവും സംവിധായകനും ഒരുബഹുസംസ്കാര തിരിച്ചറിവിലേക്ക് പ്രേക്ഷകരെയും നയിച്ചേക്കാം.


Contact the author

P. K. Pokker

Recent Posts

Web Desk 2 days ago
Cinema

ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം; നിര്‍മ്മാതാവ് നിവിന്‍ പോളി

More
More
Cinema

മിതാലി രാജിന്‍റെ ബയോപിക്ക് ‘സബാഷ് മിത്തു' ട്രെയിലര്‍ പുറത്ത്

More
More
Cinema

'ബ്രഹ്‍മാസ്‍ത്ര'യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Cinema

ബ്രഹ്‍മാസ്‍ത്ര; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അമിതാഭ് ബച്ചൻ

More
More
Web Desk 2 weeks ago
Cinema

നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

More
More
Cinema

ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ ഹാസന്‍

More
More