രാജ്യമെങ്ങും പുതിയ കോവിഡ് കേസുകളും പ്രതിദിന മരണവും കുറയുമ്പോഴും കേരളത്തിലെ സ്ഥിതി നേരെ മറിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്.
രാജ്യത്തു കോവിഡ് ചികിത്സയിൽ തുടരുന്നവരിൽ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേർ; ഇതിൽ 65,670 പേർ കേരളത്തിലും 35,991 പേർ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.
സംസ്ഥാന സർക്കാരിൻ്റെ കണക്ക് ഇങ്ങനെ
ചൊവ്വാഴ്ച 5214 പേർക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,33,664 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.