ലോകമെമ്പാടും കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ഓണ്‍ അറൈവൽ വിസയും താമസവിസയും താല്‍ക്കാലികമായി നിര്‍ത്തലാക്കുകയാണെന്ന് യുഎഇ അറിയിച്ചു. 19/03/2020 വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അതോടെ അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. ചൊവ്വാഴ്ച മുതൽ യുഎഇയിലേയ്ക്കുള്ള മറ്റെല്ലാ വിസകളും അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. എങ്കിലും 45 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസവിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കൊറോണ വൈറസ് പടരുന്നതിന്റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടുകയോ കുറയ്ക്കുകയോ ചെയ്യും. ഇതാദ്യമായാണ് താമസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്. സന്ദര്‍ശകവിസ, വാണിജ്യ വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് യുഎഇ കഴിഞ്ഞദിവസം മുതല്‍ പ്രവേശനവിലക്കേര്‍പ്പെടുത്തിയിരുന്നു.