കാബൂള്‍: പുലിറ്റ്സര്‍ ജേതാവും ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാനും അഫ്ഗാന് സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അഫ്ഗാന് മാധ്യമമായ ടോളോ ന്യൂസാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണ്ഡഹാറിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സ്പിന്‍ ബോല്‍ഡാക് ജില്ലയിലായിരുന്നു ഡാനിഷ് സിദ്ദിഖി.
അഫ്ഗാന് സൈന്യത്തോടൊപ്പം സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ടിവി ജേണലിസ്റ്റായി കരിയര്‍ ആരംഭിച്ച ഡാനിഷ് പിന്നീട് ഫോട്ടോജേണലിസത്തിലേക്ക് മാറുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു.
2018-ല്‍ ഡാനിഷ് സിദ്ദിഖി പകര്‍ത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഫോട്ടോ അദ്ദേഹത്തെ പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹനാക്കി. 2016-17 മൊസൂള്‍ യുദ്ധം, നേപ്പാളില്‍ 2015ല്‍ ഉണ്ടായ ഭൂകമ്പം, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളുടെ നേര്‍ചിത്രം പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി.