കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി. ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുളളിലാണ് വിമാനം കാണാതായത്. നേപ്പാളില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തിയിരുന്ന താര എയറിന്റെ ചെറുവിമാനമാണ് കാണാതായത്. വിമാനത്തില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 9.55-ന് പറന്നുയര്‍ന്ന വിമാനത്തിന് 15 മിനിറ്റുകള്‍ക്കുളളില്‍ കണ്ട്രോള് ടവറുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നാല് ഇന്ത്യക്കാരും (മുംബൈ സ്വദേശികള്‍), രണ്ട് ജര്‍മ്മന്‍കാരും 13 നേപ്പാളുകാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് താരാ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു. പൊഖാറയില്‍ നിന്ന് ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. കാണാതായ വിമാനം കണ്ടെത്താനായി നേപ്പാള്‍ സര്‍ക്കാര്‍ മസ്താങ്ങില് നിന്നും പൊഖാറയില്‍നിന്നും രണ്ട് സ്വകാര്യ ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. കരയിലൂടെയുളള തെരച്ചിലിനായി നേപ്പാള്‍ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.