താലിബാന്‍ സ്ത്രീകളോട് ചെയ്യുന്നത്

താലിബാന്‍റെ സ്ത്രീവിരുദ്ധ ഉത്തരവിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ആയിരക്കണക്കിന് ബ്യൂട്ടി സലൂണുകളാണ് അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നത്. പല സ്ത്രീകൾക്കും, ഈ സലൂണുകൾ നിയമപരമായി പണം സമ്പാദിക്കാനുള്ള അവസാനത്തെ ആശ്രയമാണ്. അനേകം കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സായിരുന്നു എന്നുമാത്രമല്ല, സ്ത്രീകൾക്ക് പരസ്പരം കണ്ടുമുട്ടാനും ചിന്തകൾ കൈമാറാനും സന്തോഷം പ്രകടിപ്പിക്കാനുമൊക്കെയുള്ള സുരക്ഷിതമായ ഏക ഇടത്താവളം കൂടിയായിരുന്നു ഈ ബ്യൂട്ടി സലൂണുകള്‍. 

സ്ത്രീകള്‍ക്ക് പൊതു സമൂഹവുമായി ഇടപഴകുന്നതിനുള്ള ഒരു വാതിലും തുറന്നിടരുതെന്ന അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ നിലപാടാണ് താലിബാന്‍ ഭരണം പിടിച്ചെടുത്ത അന്നുമുതല്‍ സ്വീകരിച്ചു പോരുന്നത്. 'കഴിഞ്ഞ 22 മാസമായി, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തിലെ എല്ലാ വെളിച്ചവും പ്രതീക്ഷകളും സന്തോഷങ്ങളും ഓരോന്നോരോന്നായി കൊട്ടിയടച്ചുകൊണ്ടിരിക്കുകയാണ്. ജയിലറകള്‍ പോലും ഇതിലും ബേധമാണ്. സകല മനുഷ്യാവകാശങ്ങളും നിരസിക്കപ്പെട്ട് അടിമകളുടെ വിലപോലുമില്ലാതെ കുറേ ജന്മങ്ങള്‍ മൃതതുല്യമായ് ജീവിക്കുകയാണ് അഫ്ഗാനിസ്ഥാനില്‍' എന്നാണ് ഐക്യരാഷ്ട്രസഭ (യുഎൻ) മനുഷ്യാവകാശ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നദ അൽ-നാഷിഫ് പറയുന്നത്.

'സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഗുരുതരവും വ്യവസ്ഥാപിതവും സ്ഥാപനവൽക്കരിക്കപ്പെട്ടതുമായ വിവേചനമാണ് താലിബാൻ പ്രത്യയശാസ്ത്രത്തിന്റെയും ഭരണത്തിന്റെയും കാതൽ' എന്നാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ സമീപകാല റിപ്പോർട്ടില്‍ പറയുന്നത്. 

പെണ്‍കുട്ടികള്‍ക്ക് ഇനി പഠിക്കാൻ കഴിയില്ല

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതു മുതൽ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം വിലക്കപ്പെട്ട കനിയാണ്. തുടക്കത്തിൽ, സർവ്വകലാശാലകളിൽ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ ക്ലാസുകളിലാക്കി. സ്ത്രീകളോ പ്രായം കൂടിയ പുരുഷന്മാരോ ആയ അധ്യാപകര്‍ മാത്രം പെണ്‍കുട്ടികളെ പഠിപ്പിച്ചാല്‍ മതിയെന്ന് തിട്ടൂരമിറക്കി. ഒടുവില്‍, 2022 അവസാനത്തോടെ, സർവ്വകലാശാലകളിൽ പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ്ണമായും വിലക്കേര്‍പ്പെടുത്തി. ആകെ എത്രപേരുടെ വിദ്യാഭ്യാസാവകാശമാണ് നിഷേധിക്കപ്പെടുന്നത് എന്നതിനു കൃത്യമായ കണക്കുകള്‍പോലുമില്ലെങ്കിലും താലിബാന്‍റെ ഈ നീക്കം ഏറ്റവും കുറഞ്ഞത് 2018-ൽ എൻറോൾ ചെയ്ത 90,000 പെണ്‍കുട്ടികളെയെങ്കിലും ബാധിക്കുമെന്നാണ് യുനെസ്കോയുടെ കണക്കുകൂട്ടല്‍.

തൊഴിൽ വിപണിയിൽ നിന്ന് സ്ത്രീകൾ ഒഴിവാക്കപ്പെടുന്നു

സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കുക മാത്രമല്ല, അവരെ തൊഴിലെടുത്ത് ജീവിക്കാനും അനുവദിക്കുന്നില്ല താലിബാന്‍. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, 2021-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ജോലി ചെയ്ത സ്ത്രീകളുടെ എണ്ണം 25% കുറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയില്‍പോലും സ്ത്രീകള്‍ ജോലി ചെയ്യരുതെന്നാണ് താലിബാന്‍റെ ഉത്തരവ്. ഇത് 'സേവ് ദി ചിൽഡ്രൻ', 'നോർവീജിയൻ റെഫ്യൂജി കൗൺസിൽ', 'കെയർ' തുടങ്ങിയ നിരവധി അന്താരാഷ്ട്ര എൻ‌ജി‌ഒകളില്‍ ജോലി ചെയ്തു വരികയായിരുന്ന അഫ്ഗാന്‍ സ്ത്രീകളെ പെരുവഴിയിലാക്കി. വനിതാ ജീവനക്കാരില്ലാതെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയാതെ വന്നതോടെ ഈ എൻ‌ജി‌ഒകളെല്ലാം അഫ്ഗാന്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. കൂടാതെ, ആയിരക്കണക്കിന് വനിതാ സർക്കാർ ജീവനക്കാരെ താലിബാന്‍ പിരിച്ചുവിടുകയും ചെയ്തു.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും കടുത്ത നിയന്ത്രണം

സ്ത്രീകളും അമ്മമാരും കുഞ്ഞുങ്ങളും ഏറ്റവും ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. അവിടെ ഓരോ വർഷവും 1000-ൽ 70 സ്ത്രീകള്‍ ഗർഭാവസ്ഥയിലോ പ്രസവ സമയത്തോ മരണപ്പെടുന്നു. പല അമ്മമാർക്കും വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതാണ് ഗര്‍ഭകാല ജീവിതം സങ്കീര്‍ണ്ണമാക്കുന്നത്. പ്രസവശേഷം കുട്ടികളെ പോറ്റാൻ അവർ പാടുപെടുപെടുകയും ചെയ്യുന്നു. താലിബാൻ സ്ത്രീകൾക്ക് യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികളുടെ ജീവതം അത്രമേല്‍ ദുസ്സഹമാക്കിയെന്ന് മനുഷ്യാവകാശ സംഘടനയായ 'ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്' പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ മിനിമം 75 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിച്ചാലേ ഒരാശുപതി കണ്ടെത്താന്‍ കഴിയൂ. സ്ത്രീകള്‍ക്ക് അങ്ങോട്ടു പോകണമെങ്കില്‍ പിതാവോ ഭർത്താവോ സഹോദരനോ നിര്‍ബന്ധവുമാണ്. വയറ്റാട്ടികള്‍ക്കുപോലും കൂടെപോകാന്‍ അനുവാദമില്ല!.

കർശനമായ ഡ്രസ് കോഡ്; സ്പോർട്സിനും വിലക്ക്

അഫ്ഗാനിസ്ഥാനിൽ, സ്ത്രീകൾക്ക് ബുർഖ ധരിക്കല്‍ നിര്‍ബന്ധമാണ്‌. ആരെങ്കിലും വിലക്ക് ലംഘിച്ചാല്‍ അവളുമായി അടുപ്പമുള്ള ഏതെങ്കിലും പുരുഷനെ പിടിച്ച് ജയിലിലിടും. വനിതാ അത്‌ലറ്റിക് ടീമുകൾക്ക് ഇനി മത്സരിക്കാൻ അനുവാദമില്ല. ഈ നിയമം കാരണം, അഫ്ഗാനിസ്ഥാന്റെ ദേശീയ വനിതാ ടീമുകൾ ഓസ്‌ട്രേലിയയിൽ അഭയം തേടിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് പാർക്കുകളിലോ ഫിറ്റ്‌നസ് സെന്‍ററുകളിലോ ജിംനേഷ്യങ്ങളിലോ സ്‌പോർട്‌സ് ക്ലബ്ബുകളിലോ പൊതു കുളങ്ങളിലോ പോകാന്‍ അനുവാദമില്ല. 

സ്ത്രീകള്‍ ഇത്രമാത്രം അടിച്ചമര്‍ത്തപ്പെടുന്ന ഒരു രാജ്യം ഈ ഭൂമിയില്‍ വേറെയുണ്ടോ?

This article was originally published in dw.com

Contact the author

International Desk

Recent Posts

International

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചു- മുഹമ്മദ് മുയിസു

More
More
International

ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികള്‍; മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടണം - കമലാ ഹാരിസ്

More
More
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
International

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമായി നേപ്പാള്‍

More
More
International

'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

More
More
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

More
More