വാഷിങ്ടണ്‍: യുക്രെയ്നെതിരായ റഷ്യന്‍ നീക്കം ശക്തമാകുന്നതിനിടെ തങ്ങളുടെ പൌരന്മാരെ തിരിച്ചുവിളിച്ച് അമേരിക്ക. എത്രയും വേഗത്തില്‍ അമേരിക്കന്‍ പൌരന്മാര് യുക്രെയ്ന് വിടണമെന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രെയ്നെ റഷ്യ ആക്രമിച്ചാല്‍ അമേരിക്കന്‍ പൌരന്മാരെ രക്ഷപ്പെടുത്താന്‍ യു എസ് സൈനിക വിമാനങ്ങള്‍ അയക്കില്ല എന്നും ജോ ബൈഡന് വ്യക്തമാക്കി.
അതേസമയം, യുക്രെയ്നെതിരായ നീക്കത്തിനെതിരെ റഷ്യക്ക് ശക്തമായ താക്കീതും അമേരിക്ക നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചക്കിടെയാണ് ജോ ബൈഡന് നിലപാട് അറിയിച്ചത്. യുക്രെയ്നെ ആക്രമിച്ചാല്‍ റഷ്യ വലിയ വില നല്‍കേണ്ടിവരും. റഷ്യന്‍ അധിനിവേശം വ്യാപക മാനുഷിക ദുരിതങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ബൈഡന് ചൂണ്ടിക്കാട്ടി. അതേസമയം, യുക്രെയ്നെ ഉള്‍പ്പെടുത്തി നാറ്റോ വികസിപ്പിക്കരുത് എന്നതടക്കം മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ യു.എസ് വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ചൂണ്ടിക്കാട്ടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഒന്നര ലക്ഷത്തോളം സൈനികരെയാണ് റഷ്യ യുക്രെയ്ന് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തികളില്‍ സൈനിക വിന്യാസം തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറുപടിയായി നാറ്റോയും അതിര്‍ത്തി രാജ്യങ്ങളില്‍ സൈനികരെ വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. പോളണ്ടില്‍ മാത്രം അമേരിക്ക 3,000 പേരെയാണ് അടുത്ത ദിവസം വിന്യസിക്കുക. വിവിധ രാജ്യങ്ങളിലായി നേരത്തെ നിലയുറപ്പിച്ച 8500 യു.എസ് സൈനികര്‍ക്ക് പുറമെയാണിത്. റുമേനിയയില്‍ 1,000 സൈനികരെയും യു.എസ് എത്തിക്കുന്നുണ്ട്. ഇതിനിടെ യുക്രെയ്നിന്റെ ബെലാറസ് അതിര്‍ത്തിയില്‍ ബെലാറസുമായി ചേര്‍ന്ന് റഷ്യ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചുകഴിഞ്ഞു.